KERALA

'2016 ന് മുമ്പ് കേരളീയർ നിരാശർ, ഇപ്പോൾ ലോകം ശ്രദ്ധിക്കുന്ന നാടായി'; നവകേരള സദസ്സിൽ പ്രതിപക്ഷത്തെ ആക്രമിച്ച് മുഖ്യമന്ത്രി

വെബ് ഡെസ്ക്

2016 ന് ശേഷമുള്ള കേരളത്തെ വാഴ്ത്തിയും മുസ്ലീം ലീഗ് ഒഴികെയുള്ള പ്രതിപക്ഷത്തെ വിമര്‍ശിച്ചും നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. കടുത്ത നിരാശയിലായിരുന്ന കേരളം, 2016 ന് ശേഷം ലോകം ശ്രദ്ധിക്കുന്ന നാടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയ്ക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, നവകേരള സദസ്സിന്റെ പേരില്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന ആരോപണവും തള്ളി. മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസ്സില്‍ ആഡംബരമില്ലെന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലയിലെ പൈവളിഗയില്‍നിന്നാണ് നവകേരള സദസ്സ് ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും മന്ത്രിസഭാ അംഗങ്ങള്‍ സന്ദര്‍ശിക്കും

"നവകേരള സദസ്സ് തീര്‍ത്തും ഒരു സര്‍ക്കാര്‍ പരിപാടിയാണ്. സാധാരണ ഗതിയില്‍ ഈ പരിപാടിയില്‍ പ്രധാന റോളില്‍ ഇവിടുത്തെ നിയമസഭാംഗം ഉണ്ടാകേണ്ടതായിരുന്നു. ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കാന്‍ സ്ഥലം എംഎല്‍എയ്ക്ക് താത്പര്യമുണ്ടാകില്ല. പക്ഷേ യുഡിഎഫ് നേതൃത്വവും കോണ്‍ഗ്രസും പരിപാടിയില്‍ സഹകരിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധം പിടിച്ചു. ജനാധിപത്യപ്രക്രിയയ്ക്ക് എതിരായ വികാരമാണത്" മുസ്ലീം ലീഗിനെ ഒഴിവാക്കി കോൺഗ്രസിനെ ആക്രമിച്ചുകൊണ്ടുള്ള ഉദ്ഘാടന പ്രസംഗത്തിൽ പിണറായി വിജയൻ പറഞ്ഞു. പരിപാടിയില്‍ മഞ്ചേശ്വരം എംഎല്‍എ വിട്ടുനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുട വിമര്‍ശനം.

നാം കാണുന്ന പലമാറ്റങ്ങളും സംഭവിക്കുമായിരുന്നോ? അവിടെയാണ് ഇപ്പോഴുള്ള സര്‍ക്കാരിന്റെ പ്രത്യേകത. ഈ പ്രത്യേകതകള്‍ ജനങ്ങളില്‍ നിന്ന് എങ്ങനെയെങ്കിലും മറച്ചുവയ്ക്കണമെന്ന് സംസ്ഥാന താത്പര്യത്തിന് വിരുദ്ധരായ ശക്തികള്‍ ആഗ്രഹിക്കുകയാണ്. അവരോട് നിങ്ങള്‍ക്ക് നല്ല ബുദ്ധി തോന്നട്ടേയെന്ന് ഉപദേശിച്ചിട്ട് കാര്യമില്ല. അവര്‍ അങ്ങനെയൊക്കെ ആയിപ്പോയി-
പിണറായി വിജയൻ, മുഖ്യമന്ത്രി

നമ്മുടെ നാട് പല കാര്യങ്ങളിലും രാജ്യവും ലോകവും ശ്രദ്ധിക്കുന്ന ഒരു നാടാണ്. കേരളമാകെ കടുത്ത നിരാശയില്‍ കഴിഞ്ഞ കാലമുണ്ടായിരുന്നു. 2016ന് മുന്‍പ് എല്ലാ മേഖലയിലും കേരളീയര്‍ കടുത്ത നിരാശയിലായിരുന്നു. കേരളത്തിലെ ദേശീയപാത വികസനം ഇനി നടക്കില്ലെന്ന് കരുതിയവര്‍ ഇപ്പോള്‍ ആ വിശ്വാസത്തിലല്ല. സമയബന്ധിതമായി പൂര്‍ത്തിയാക്കും എന്ന ഉറച്ച വിശ്വാസത്തിലാണ്. 2016ന് മുന്‍പ് അധികാരത്തില്‍വന്ന സര്‍ക്കാരാണ് ഇവിടെ തുടര്‍ന്നിരുന്നെങ്കില്‍ ഈ മാറ്റം സാധ്യമാകുമായിരുന്നോ? നാം കാണുന്ന പലമാറ്റങ്ങളും സംഭവിക്കുമായിരുന്നോ? അവിടെയാണ് ഇപ്പോഴുള്ള സര്‍ക്കാരിന്റെ പ്രത്യേകത. ഈ പ്രത്യേകതകള്‍ ജനങ്ങളില്‍ നിന്ന് എങ്ങനെയെങ്കിലും മറച്ചുവയ്ക്കണമെന്ന് സംസ്ഥാന താത്പര്യത്തിന് വിരുദ്ധരായ ശക്തികള്‍ ആഗ്രഹിക്കുകയാണ്. അവരോട് നിങ്ങള്‍ക്ക് നല്ല ബുദ്ധി തോന്നട്ടേയെന്ന് ഉപദേശിച്ചിട്ട് കാര്യമില്ല. അവര്‍ അങ്ങനെയൊക്കെ ആയിപ്പോയി- അദ്ദേഹം പറഞ്ഞു.

പക്ഷേ ജനങ്ങള്‍ അവരോടൊപ്പമല്ല. അതുകൊണ്ടാണ് 2021ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് 99 സീറ്റ് നല്‍കി തുടര്‍ ഭരണം ജനങ്ങള്‍ സമ്മാനിച്ചത്. ആ സര്‍ക്കാരിനോട് രാഷ്ട്രീയമായ ഭിന്നത കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടാകാം. ബിജെപിക്ക് വല്ലാത്തൊരു അസഹിഷ്ണുതയും ഉണ്ടാകാം. നാടിന് വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ നക്കാന്‍ പാടില്ലെന്നും ഇപ്പോള്‍ ഇത് വേണ്ടെന്നും നിലപാട് എടുക്കുന്നതിന് എന്താണ് അര്‍ത്ഥം? - അദ്ദേഹം ചോദിച്ചു.

നവകേരള സദസ്സിനെ ജനങ്ങള്‍ ആശിര്‍വാദം നല്‍കിയാണ് സ്വീകരിച്ചതെന്നും ഇത് നാടിനു വേണ്ടിയുള്ള പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിന് വേണ്ടി തയ്യാറാക്കിയ ബസ് ആര്‍ഭാടം നിറഞ്ഞതാണെന്ന പ്രചാരണം നടത്തിയ മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ബസിലെ ആര്‍ഭാടം എന്തെന്ന് പരിശോധിക്കാന്‍ മാധ്യമപ്രവര്‍തത്തകരെ മുഖ്യമന്ത്രി ക്ഷണിച്ചു.

'ഞങ്ങളും ഈ ബസില്‍ ആദ്യമായാണ് കയറിയത്. ബസിന്റെ ആഢംബരം എന്താണെന്ന് ഞങ്ങള്‍ എത്ര പരിശോധിച്ചിട്ടും മനസ്സിലായില്ല. ഏതായാലും ഞങ്ങളുടെ പരിശോധന കൊണ്ടു മാത്രം അവസാനിപ്പിക്കേണ്ടതില്ല. ഈ പരിപാടിക്ക് ശേഷം ഞങ്ങള്‍ എല്ലാവരും അതേ ബസില്‍ കയറിയാണ് കാസര്‍കോടേക്ക് പോകുന്നത്. ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥനയുള്ളത്. ഞങ്ങള്‍ കയറി ഇരുന്നതിന് ശേഷം നിങ്ങളും ആ ബസില്‍ ഒന്നു കയറണം, നിങ്ങള്‍ വന്ന് അകമാകെ പരിശോധിക്കാം. അതിന് നിങ്ങളെയെല്ലാം സാക്ഷിയാക്കി മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കുകയാണ്'- അദ്ദേഹം പറഞ്ഞു.

പലസ്തീനില്‍ കൂട്ടക്കൊല നടക്കുമ്പോഴാണ് അതിനെ ന്യായീകരിച്ചുകൊണ്ട് ഇസ്രയേലിനെ പിന്തുണച്ച് മോദിയുടെ പ്രസ്താവന വന്നത്. ഇസ്രയേലിലെ സയണിസ്റ്റുകളും ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ആര്‍എസ്എസും ഒരേപോലെ ചിന്തിക്കുന്നവരാണ്. അവര്‍ അത്രകണ്ട് മാനസ്സിക ഐക്യമുള്ളവരാണ്. നമ്മുടെ രാജ്യത്തെ അമേരിക്കയുടെ തന്ത്രപരമായൊരു സഖ്യശക്തിയാക്കി മാറ്റാനുള്ള നടപടിയണ് ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലം തൊട്ട് ബിജെപിയുടെ സര്‍ക്കാരിന്റെ കീഴിലും നടന്നുവരുന്നത്. നമ്മുടെ രാജ്യം ലോകസമക്ഷം അപമാനിക്കപ്പെടുകയാണ്. കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതിൽ 57,000 കോടി രൂപയിലധികം കുറവ് വന്നു. ഒരു സംസ്ഥാനത്തെ എങ്ങനെ ശത്രുതാ മനോഭാവത്തോടെ കാണുന്നു എന്നതിന്റെ ഉദാഹരണമാണിത്.

രാജ്യത്ത് വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്തയ തന്നെ മാറ്റാന്‍ ശ്രമം നടക്കുന്നു. ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ച് കൊണ്ടുപോകാന്‍ ആഗ്രഹിക്കന്ന നടപടികള്‍ തുറന്നുവരുന്നു. നമ്മുടെ മതനിരപേക്ഷ രാഷ്ട്രത്തെ മതാധിഷ്ടിതമാക്കാന്‍ ശ്രമിക്കുന്നു. രാജ്യത്ത് ഒരുപാട് തെറ്റായ മുദ്രാവാക്യങ്ങള്‍ ഉയരുന്നു. നാനാത്വത്തില്‍ ഏകത്വം എന്നതാണ് നാം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. പക്ഷേ ഇവിടെ ഒരുഭാഷ, ഒരുമതം, ഒരു നികുതി, ഒരു വ്യക്തിനിയമം, ഒരു തിരഞ്ഞെടുപ്പ് അങ്ങനെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു. ഇതിലൂടെ രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്- അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും