കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചൂടുള്ള ചര്‍ച്ചകളുടെ കേന്ദ്രമായി മലപ്പുറം ജില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് മലപ്പുറത്തെ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കുന്നത്. സര്‍ക്കാരിനും സിപിഎമ്മിനും എതിരെ ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മലപ്പുറം വിവാദങ്ങളുടെ അടിസ്ഥാനം. കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി കള്ളക്കടത്തായി എത്തിച്ച സ്വര്‍ണത്തിന്റെ വലിയൊരു പങ്ക് പോലീസ് വെട്ടിച്ചെന്ന പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പ്രതിരോധമെന്നോണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമര്‍ശം.
മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നായിപുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 150 കിലോ കോടിയുടെ സ്വര്‍ണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറത്ത് നിന്ന് പൊലീസ് പിടികൂടി.കടത്തിയ സ്വര്‍ണ്ണവും ഹവാലയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ദിവസങ്ങള്‍ക്ക് മുന്‍പും സമാനമായ ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വര്‍ണകടത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുസ്‌ലിം തീവ്രവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോഴാണ് സര്‍ക്കാരിനെതിരെ മുസ്‌ലിം വിരുദ്ധ പ്രചരണം നടത്തുന്നു എന്ന ഗുരുതരമായ ആക്ഷേപവും മുഖ്യമന്ത്രി ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പരാമര്‍ശം തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് എന്ന നിലയിലാണ് ബിജെപി നേതാക്കളുടെ പ്രതികരണങ്ങള്‍
എന്നാല്‍, മുഖ്യമന്ത്രിയുടെ പരാമര്‍ശം മലപ്പുറം ജില്ലയ്ക്ക് എതിരെ ആര്‍എസ്എസ് ഉന്നിയിച്ചുവരുന്ന ആക്ഷേപങ്ങളുടെ തുടര്‍ച്ചയാണെന്നാണ് വിമര്‍ശകരുടെ വാദം. മുസ്ലീം ലീഗും കോണ്‍ഗ്രസും പരാമര്‍ശങ്ങളെ തള്ളി ഇതിനോടകം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് മലപ്പുറം ജില്ലയെയാകെ അപമാനിക്കുന്ന നടപടിയാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം കുറ്റപ്പെടുത്തി. അധികാരം നിലനിര്‍ത്താനും സ്വന്തം കുടുംബം ചെയ്ത വൃത്തികേടുകള്‍ മറച്ചുവയ്ക്കാനും ഒരു പ്രദേശത്തെയാകെ അപമാനിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇത്തരത്തില്‍ മലപ്പുറത്തെ അപമാനിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടി. ആര്‍എസ്എസിനെയും കേന്ദ്രസര്‍ക്കാരിനെയും സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി മലപ്പുറത്തിന്റെ പേരില്‍ കള്ളപ്രചാരണം നടത്തുന്നത് . അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഉത്തരവാദി മലപ്പുറം ജില്ലക്കാര്‍ മൊത്തമാണോ എന്നും പിഎംഎ സലാം ചോദിക്കുന്നു. സ്വര്‍ണ്ണക്കടത്ത് പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി സത്യാവസ്ഥ തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിവി അന്‍വറിനോടുള്ള രാഷ്ട്രീയ വൈരം മുഖ്യമന്ത്രി മലപ്പുറം ജില്ലയോടു തീര്‍ക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പ്രതികരിച്ചു. അന്‍വറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മനസിലാക്കാം. പക്ഷേ അക്കാര്യത്തില്‍ മലപ്പുറം ജില്ല എന്തു പിഴച്ചു. കരിപ്പൂര്‍ വിമാനത്താവളം മലപ്പുറം ജില്ലയിലായതു കാരണം അതുവഴി നടക്കുന്ന സ്വര്‍ണക്കടത്തുകള്‍ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിന്റെ വിലാസത്തില്‍ ചേര്‍ക്കരുത്.
ഈ സ്വര്‍ണക്കടത്ത് എല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കൊണ്ടുവരുന്നു എന്നും ന്യൂനപക്ഷസമുദായത്തില്‍ പെട്ടവരാണ് ഇതിന്റെ പിന്നിലെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന് കാര്യം കൂടി മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അങ്ങനെ കേസ് എടുത്തിട്ടില്ലെങ്കില്‍ അത് എന്തു കൊണ്ടാണ് എന്നും മുഖ്യമന്ത്രിക്കു പറയാന്‍ സാധിക്കണം. അല്ലാതെ ഒരു എംഎല്‍എയുമായുള്ള രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു ജില്ലയെ മൊത്തം അടച്ചാക്ഷേപിക്കരുത് - ചെന്നിത്തല പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ പരാമര്‍ശം തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് എന്ന നിലയിലാണ് ബിജെപി നേതാക്കളുടെ പ്രതികരണങ്ങള്‍. രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രം കേരളമാണെന്ന് തങ്ങളുയര്‍ത്തിയിരുന്ന ആരോപണം മുഖ്യമന്ത്രി ശരിവയ്ക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത് എന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടെ മലബാര്‍ കേന്ദ്രീകരിച്ചുള്ള വിവാദങ്ങള്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങേണ്ട നിലയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ പി ജയരാജന്‍ നടത്തിയ പ്രതികരണം ഉള്‍പ്പെടെ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭൂരിപക്ഷ വര്‍ഗീയതെയും ന്യൂനപക്ഷ മതമൗലിക വാദത്തെയും ഒരു പോലെ കാണണണെന്ന നിലപാടിലേക്ക് സിപിഎം നേതാക്കളും എത്തിനില്‍ക്കുന്നത് വരുന്ന തിരഞ്ഞെുപ്പില്‍ ഉള്‍പ്പെടെ മലബാര്‍ മേഖലയില്‍ നിര്‍ണായകമായേക്കുമെന്നാണ് വിലയിരുത്തല്‍.