കുടിവെള്ള പദ്ധതിക്കായി കൊണ്ടിട്ട കൂറ്റന്‍ പൈപ്പ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ കടകംപള്ളി വാര്‍ഡിലെ 30 ല്‍ അധികം കുടുംബങ്ങളുടെ വഴിമുടക്കാന്‍ തുടങ്ങിയിട്ട് മൂന്ന് മാസമായി. ലോര്‍ഡ്‌സ് ആശുപത്രിയിലേക്കെത്തുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് വഴിതടസം സൃഷ്ടിച്ചാണ് പൈപ്പ് ഇട്ടിരിക്കുന്നത്.
നൂറ് മീറ്ററോളം നീളത്തില്‍ ഗേറ്റിനുമുന്നില്‍ പൈപ്പ് ഇട്ട് ഉദ്യോഗസ്ഥര്‍ തടിതപ്പിയതോടെ വീടിനുള്ളില്‍ നിന്നും നടന്ന് പുറത്തേക്കിറങ്ങാനോ വാഹനങ്ങള്‍ പുറത്തിറക്കാനോ കഴിയാത്ത അവസഥയിലാണ് വീട്ടുകാര്‍. മൂന്ന് മാസത്തോളമായി വാഹനങ്ങള്‍ പുറത്തിറക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി തൊഴിലാളികള്‍ പോലും അവിടേക്കെത്താറില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പൈപ്പ് നീക്കാനുള്ള യന്ത്രം കേടായതുകൊണ്ടാണ് ഗേറ്റിനുമുന്നില്‍ നിന്ന് പൈപ്പുകള്‍ നീക്കം ചെയ്യാത്തത് എന്നാണ് കരാറുകാരന്‍റെ വാദം.