KERALA

എന്‍എസ്എസ് വര്‍ഗീയ പ്രശ്‌നങ്ങള്‍ക്ക് ശ്രമിക്കാറില്ല, ലീഗ് വിശ്വാസികള്‍ക്കൊപ്പം: കുഞ്ഞാലിക്കുട്ടി

സ്പീക്കര്‍ നടത്തിയ പരാമര്‍ശം പിന്‍ലിക്കണമോ വേണ്ടയോ എന്നത് അദ്ദേഹം തന്നെ തീരുമാനിക്കേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി

വെബ് ഡെസ്ക്

എന്‍എസ്എസ് വര്‍ഗീയ പ്രശ്‌നങ്ങള്‍ക്ക് ശ്രമിക്കാറില്ലെന്നും മതേതര കാഴ്ചപ്പാടോടെയുള്ള വിശ്വാസ സംരക്ഷണമാണ് അവരുടെ ലക്ഷ്യമെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിര്‍ഭാഗ്യകരമായ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസ് സമുദായിക ധ്രുവീകരണത്തിന് ശ്രമിക്കില്ല. എന്നാല്‍ വിശ്വാസ പ്രശ്‌നം ഉണ്ടായാല്‍ അവര്‍ മുന്നില്‍ ഉണ്ടാകും

സുകുമാരന്‍ നായരുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ''വര്‍ഗീയത ആളിക്കത്തിക്കാനോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനോ എന്‍എസ്എസ് ഒരിക്കലും ശ്രമിക്കാറില്ല. മതേതര കാഴ്ചപ്പാടോടെയുള്ള വിശ്വാസ സംരക്ഷണമാണ് അവരുടെ ലക്ഷ്യം. അതിനായാണ് അവരുടെ ശ്രമം. ഇക്കാര്യത്തില്‍ എക്കാലത്തെയും പോലെ മുസ്ലീം ലീഗ് വിശ്വാസികള്‍ക്കൊപ്പമാണ്''- എന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

സ്പീക്കര്‍ നടത്തിയ പരാമര്‍ശം പിന്‍ലിക്കണോ വേണ്ടയോ എന്നത് അദ്ദേഹം തന്നെ തീരുമാനിക്കേണ്ടതാണെന്നും എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്ക് സ്പീക്കര്‍ വഴിമരുന്നിട്ടുകൊടുക്കരുതായിരുന്നെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ''സ്പീക്കറുടെ ഭാഗത്തുനിന്ന് ഒരു പരാമര്‍ശം ഉണ്ടായി. ഓരോ മതങ്ങള്‍ക്കും അവരുടേതായ വിശ്വാസമുണ്ട്. ആ വിശ്വാസം അവര്‍ മുറുകെപിടിക്കും. വിശ്വാസത്തിന് വിരുദ്ധമായ ചര്‍ച്ചയുണ്ടാവുന്നത് ശരിയല്ല. വര്‍ഗീയതയുണ്ടാക്കുന്ന കാര്യങ്ങള്‍ പാടില്ലാത്തതാണ്. വിശ്വാസത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ വളച്ചൊടിക്കാതിരിക്കുന്നതാ നല്ലത്''- അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗ് എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ''ലീഗ് വിശ്വാസികളുടെ പാര്‍ട്ടിയാണ്. വിശ്വാസങ്ങളെ ബഹുമാനിച്ചുകൊണ്ട് മാത്രം സംസാരിക്കണമെന്നാണ് നയം. മത വിശ്വാസത്തെ എല്ലാവരും ബഹുമാനിക്കണം. അതിന് വിരുദ്ധമായ ചര്‍ച്ചകള്‍ ഉണ്ടാകരുത്''- അദ്ദേഹം പറഞ്ഞു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി