നാടക - ചലച്ചിത്ര പിന്നണി ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. പച്ചപ്പനന്തത്തെ, മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ പാടിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 81 വയസായിരുന്നു.
നാടകത്തിലും സിനിമയിലും ആകാശവാണിയിലുമൊക്കെയായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പച്ചപ്പനന്തത്തെ, മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
റേഡിയോ ആർട്ടിസ്റ്റും ഗായകനുമായ മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂർ കക്കാടാണ് വാസന്തി ജനിച്ചത്. ഒൻപതാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടി വേദിയിൽ വിപ്ലവഗാനം പാടിയായിരുന്നു തുടക്കം. എം എസ് ബാബുരാജിന്റെ ശിഷ്യയായിരുന്നു. വാസന്തിയുടെ അച്ഛന്റെ അടുത്ത കൂട്ടുകാരനായിരുന്നു ബാബുരാജ്. ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച 'തിരമാല' എന്ന ചിത്രത്തിൽ ആദ്യഗാനം പാടാനുള്ള അവസരവും ലഭിച്ചു. എന്നാൽ, സിനിമ പുറത്തിറങ്ങിയില്ല.
1954 ഇൽ പുറത്തിങ്ങിയ രാമു കാര്യാട്ടിന്റെ 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിൽ, പി ഭാസ്കരൻ മാഷിന്റെ രചനയിൽ ബാബുരാജ് ഈണം പകർന്ന “തത്തമ്മേ തത്തമ്മേ നീപാടിയാൽ അത്തിപ്പഴം തന്നിടും...'’, “ആരു ചൊല്ലിടും ആരു ചൊല്ലിടും...'’ എന്നീ ഗാനങ്ങൾ പാടിയിരുന്നു. സിനിമകളേക്കാൾ കൂടുതൽ കോഴിക്കോട് കേന്ദ്രമാക്കിയുള്ള നാടകങ്ങളിലായിരുന്നു മച്ചാട് വാസന്തി പ്രവർത്തിച്ചിരുന്നത്.
'നമ്മളൊന്ന്' നാടകത്തിൽ പൊൻകുന്നം ദാമോദരൻ എഴുതി ബാബുരാജ് ഈണമിട്ട ''പച്ചപ്പനംതത്തേ...'' എന്ന ഗാനം ആലപിച്ചത് പതിമൂന്നാം വയസിലാണ്. ശേഷം നാടകാഭിനയത്തിലേക്കും നീങ്ങിയിരുന്നു. നെല്ലിക്കോട് ഭാസ്കരന്റെ 'തിളയ്ക്കുന്ന കടൽ', ദേശപോഷിണിയുടെ 'ഈഡിപ്പസ്', ബഹദൂർ സംവിധാനം ചെയ്ത 'വല്ലാത്ത പഹയൻ', പി ജെ ആൻറണിയുടെ 'ഉഴുവുചാൽ', കുതിര വട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്സിന്റെ 'കറുത്ത പെണ്ണ്', കെപിഎസിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി', തിക്കോടിയന്റെ നാടകങ്ങൾ തുടങ്ങിയവയിൽ ഗായികയും അഭിനേത്രിയുമായ പ്രവർത്തിച്ചിട്ടുണ്ട്.
'ഓളവും തീരവും' എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ 'മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ' എന്നതായിരുന്നു എക്കാലത്തെയും മികച്ച ഗാനം. കെ ജെ യേശുദാസിനൊപ്പം ബാബുരാജിന്റെ സംഗീതത്തിൽ പാടിയ ഈ പാട്ട് മച്ചാട്ട് വാസന്തിയെ കൂടുതൽ ശ്രദ്ധേയയാക്കി. മീശമാധവൻ എന്ന ചിത്രത്തിൽ പത്തിരി ചുട്ടു വിളമ്പിവിളിച്ചത് എന്ന ഗാനവും ആലപിച്ചിട്ടുണ്ട്.