തിരുവനന്തപുരം ശാർക്കര ദേവി ക്ഷേത്രം ആയുധപരിശീലനത്തിനുവേണ്ടി ആർഎസ്എസ് കൈയേറിയെന്നാരോപിച്ച് ഹൈക്കോടതിയിൽ ഹർജി. അധികൃതരുടെ അനുമതിയില്ലാതെയാണ് ആയുധപരിശീലനമെന്നും ഇത് ഭക്തർക്കും തീർഥാടകർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രണ്ട് ഭക്തരാണ് കോടതിയെ സമീപിച്ചത്
ആർഎസ്എസ് പ്രവർത്തകർ ക്ഷേത്രപരിസരത്ത് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അതുവഴി സന്നിധാനത്തിന്റെ വിശുദ്ധിയെയും ദൈവികതയെയും ബാധിക്കുന്നുവെന്ന് ഹർജിക്കാർ ആരോപിക്കുന്നു. "ദുർഗന്ധം മൂലം ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർക്ക്, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വലിയ അസ്വസ്ഥത ഉണ്ടാക്കുന്നു, മാസ് ഡ്രിൽ/ആയുധ പരിശീലനത്തിന്റെ ഭാഗമായി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു,'' ഹർജിയിൽ പറുന്നു.
ആയുധപരിശീലനത്തിന് ക്ഷേത്രപരിസരം ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് മുൻപാകെ പരാതി നൽകിയെങ്കിലും നടപടിയും ഉണ്ടായില്ല. ദേവസ്വം കമ്മിഷണർ സർക്കുലർ പുറപ്പെടുവിച്ചങ്കിലും നിയമ ലംഘനങ്ങൾ തുടരുകയാണെന്നും പരാതിയിൽ പറയുന്നു.
ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശമാണ് ആരാധനയ്ക്കുള്ള അവകാശം. ഇത് സംരക്ഷിക്കുന്നതിനും ക്ഷേത്രവും പരിസരവും ഭക്തി ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർക്ക് ബാധ്യതയും ഉത്തരവാദിത്വവുമുണ്ടെന്നും ഹർജയിൽ പറയുന്നു.