സംസ്ഥാനത്തെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. മൂന്ന് അലോട്‌മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 22,145 പേര്‍ പ്രവേശനം നേടി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം മണ്ണാര്‍ക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കും. അതേസമയം മഴക്കെടുതിമൂലം അവധി പ്രഖ്യാപിച്ച ജില്ലകളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ഹാജരാകേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സപ്ലിമെന്ററി അലോട്‌മെന്റ് ഒഴിവുകളിലേക്കുള്ള അപേക്ഷ നല്‍കേണ്ടത് ജൂലൈ എട്ട് മുതല്‍ 12 വരെയാണ്. ഓഗസ്റ്റ് നാലിനാണ് സംപ്ലിമെന്ററി പ്രവേശനം പൂര്‍ത്തിയാവുക. അതേസമയം സപ്ലിമെന്റി അലോട്‌മെന്റിലടക്കം വൈകി പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അധികക്ലാസുകള്‍ നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ക്ലാസുകള്‍ ആരംഭിച്ചത്. ഇത്തവണ നേരത്തേ ആരംഭിച്ചതിനാല്‍ ഒരു മാസത്തിലേറെ അധിക അധ്യായന ദിവസങ്ങള്‍ ലഭിക്കും.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 3,16,772 വിദ്യാര്‍ഥികളാണ് ഇതുവരെ പ്രവേശനം നേടിയത്
മൂന്ന് അലോട്‌മെന്റുകളും പൂര്‍ത്തിയായതോടെ ആദ്യഘട്ട പ്രവേശനം ഇന്നലെ അവസാനിച്ചു. മെറിറ്റ് സീറ്റില്‍ 2,63,688 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിക്കഴിഞ്ഞു. അണ്‍ എയ്ഡിൽ 11309, സ്പോര്‍ട്സ് ക്വാട്ടയില്‍ 3574, കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18901, മാനേജ്മെന്റ് ക്വാട്ടയില്‍ 18735 വിദ്യാര്‍ഥികളും പ്രവേശനം നേടി. മെറിറ്റ് സീറ്റില്‍ പ്രവേശന വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള 565 പേരടക്കം ആകെ 3,16,772 വിദ്യാര്‍ഥികളാണ് ഇതുവരെ പ്രവേശനം നേടിയത്.
സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍ഗോഡ്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കും.