KERALA

പ്ലസ് വണ്‍ സീറ്റ് ക്ഷാമം: കണക്കുകളും, പരിഹാസവും, വിദ്യാഭ്യാസ മന്ത്രിയും എസ്എഫ്‌ഐയും നേര്‍ക്കുനേര്‍

വെബ് ഡെസ്ക്

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരസ്യമായി ഏറ്റുമുട്ടി വിദ്യാഭ്യാസ മന്ത്രിയും എസ്എഫ്‌ഐയും. സീറ്റ് ക്ഷാമം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ തെരുവിലിറങ്ങിയതിന് പിന്നാലെ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തും കെഎസ് യു പ്രതിഷേധവുമായി രംഗത്തെത്തി.

മലപ്പുറത്ത് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാണ് എസ്എഫ്‌ഐ.യുടെ ആവശ്യം. പരസ്യമായ സമര പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി എസ്എഫ്‌ഐയും തെരുവിലിറങ്ങി. മലപ്പുറം കളക്ടറേറ്റിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് സംഘടിപ്പിച്ചു. ഇതിന് പിന്നാലെയാണ് മന്ത്രിയും എസ്എഫ്‌ഐ നേതാക്കളും പരോക്ഷമായി പരസ്പരം വിമര്‍ശിച്ച് രംഗത്തെത്തിയത്.

മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധിയില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആവര്‍ത്തിച്ചു

മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യത്തിന് കുറേ നാളായി സമരം ചെയ്യാതെ ഇരിക്കുന്നവരല്ലേ. സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി. വിദ്യാഭ്യാസ സംഘടനകള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും സമരം ചെയ്യാനുള്ള അവകാശമുണ്ട്. അവരുടെ അവകാശത്തെ താന്‍ നിഷേധിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ നിലവില്‍ നടക്കുന്ന സമരത്തിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കും തെറ്റിധാരണയുമുണ്ട്. സര്‍ക്കാരിന്റെ മനസ്സ് സമരക്കാര്‍ മനസ്സിലാക്കണം. ഒരു വിദ്യാര്‍ഥിയ്ക്കും പ്രവേശനത്തിന് പ്രയാസം ഉണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്താണ് വിദ്യാര്‍ഥി സംഘടനകള്‍ മനസിലാക്കിയിരിക്കുന്നതെന്ന് അറിയില്ല. അവരുടേത് തെറ്റിധാരണയാകാം. വിദ്യാര്‍ഥി സംഘടനകളുമായി നാളെ നടത്തുന്ന ചര്‍ച്ചയില്‍ എല്ലാം മനസിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധിയില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആവര്‍ത്തിച്ചു. ഇപ്പോള്‍ നടക്കുന്നത് വ്യാജപ്രചരണമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശത്തോട് രൂക്ഷമായ ഭാഷയിലാണ് എസ്എഫ്‌ഐ മറുപടി നല്‍കിയത്. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ നിറം നോക്കി സമരം ചെയ്യുന്നവരല്ല എസ്എഫ്‌ഐ എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മലപ്പുറം ജില്ലയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ലഭിക്കുന്ന നിലയുണ്ടാകണം. അതിന് അധിക ബാച്ച് അനുവദിക്കണം എന്നും മലപ്പുറം കളക്ടേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്എഫ്‌ഐ നേതാക്കള്‍ ആവര്‍ത്തിച്ചു.

അതിനിടെ, പ്ലസ് വൺ സീറ്റ് ക്ഷാമം സംബന്ധിച്ച വിഷയത്തില്‍ കെഎസ് യു സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ എസ് യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്നും എന്നാരോപിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?