മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് മതിയായ വിദ്യാർഥികൾ ഇല്ലാത്ത അധിക ബാച്ചുകൾ മലപ്പുറത്തേയ്ക്ക് മാറ്റുമെന്നും ഒന്നാം അലോട്മെന്റിൽ തന്നെ ഇതുൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എയ്‌ഡഡ് മേഖലയിലും താൽക്കാലികമായി അധിക ബാച്ച് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ വിജയ ശതമാനമായിരുന്നു സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ. ഇതോടെ പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമായി. ഏറ്റവും കൂടുതൽ സീറ്റ് ക്ഷാമം നേരിടുന്നത് മലബാറിലാണ്. 2,25,706 വിദ്യാർഥികൾ ഇത്തവണ മലബാറിൽ ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടുണ്ടെങ്കിലും നിലവിൽ ആകെ 1,95,050 സീറ്റുകൾ മാത്രമാണുള്ളത്.
മലപ്പുറത്ത് ഇത്തവണ 77,000ലേറെ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടിയെങ്കിലും 44,740 പ്ലസ് വൺ മെറിറ്റ് സീറ്റുകൾ മാത്രമാണ് ജില്ലയിലുള്ളത്. അൺ എയ്ഡഡ്, പോളിടെക്‌നിക്, ഐടിഐ ഉൾപ്പെടെയുള്ള ഉപരിപഠന സാധ്യതകൾ തിരഞ്ഞെടുത്താലും 56,015 സീറ്റുകൾ മാത്രമാണ് ഉണ്ടാകുക.
സംസ്ഥാനത്ത് ആകെ 4,59,330 അപേക്ഷകരാണ് പ്ലസ് വൺ സീറ്റിനായുള്ളത്. വിവിധ വിഭാഗങ്ങളിലായി 4,58,205 സീറ്റുണ്ട്. ഗവ. എയ്ഡഡ് സ്‌കൂളുകളില്‍ 3,70,590, അണ്‍ എയ്ഡഡ് മേഖലയില്‍ 54,585, വിഎച്ച്എസ്ഇ 33,030 എന്നിങ്ങനെയാണ് കണക്ക്.
എന്നാൽ പ്ലസ് വൺ സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 150 ഓളം അധിക ബാച്ചുകൾ അനുവദിക്കണമെന്ന് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച കാർത്തികേയൻ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.