ക്രിമിനല്‍ കേസില്‍ പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യം എറണാകുളം സി ജെ എം കോടതി റദ്ദാക്കി. അഭിഭാഷകനെ ആക്രമിച്ച കേസിലാണ് നടപടി. ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചപ്പോഴുള്ള വ്യവസ്ഥകള്‍ ലംഘിച്ചെന്ന പരാതിയിലാണ് ജാമ്യം റദ്ദാക്കിയത്. ഇതോടെ നിലവില്‍ ജാമ്യത്തിലുളള ആര്‍ഷോയെ വീണ്ടും അറസ്റ്റ് ചെയ്യും.
ഈരാറ്റുപേട്ട സ്വദേശിയായ അഡ്വ. നിസാം നാസറിനെ ആക്രമിച്ച കേസില്‍ ആര്‍ഷോയ്ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങി വീണ്ടും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കി. ഇതിനിടെ വീണ്ടും അറസ്റ്റിലായി. പിന്നീട് ഹര്‍ജിക്കാരന്‍ വിദ്യാര്‍ഥിയാണെന്നത് കണക്കിലെടുത്ത ആര്‍ഷോയ്ക്ക് ഹൈക്കോടതി പിന്നെയും ജാമ്യം നല്‍കിയിരുന്നു.
സ്‌റ്റേഷനിലെത്തി ആര്‍ഷോ ഒപ്പിടുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി
എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. ഉപാധി പാലിക്കാനല്ലാതെ നാലു മാസത്തേക്ക് എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കരുത്. അത്യാവശ്യത്തിന് പ്രവേശിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. നേരിട്ടോ അല്ലാതെയോ പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ കേസിലടക്കം അന്വേഷണത്തില്‍ ഇടപെടരുത്. മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയവയായിരുന്നു ഉപാധികള്‍. ഉപാധി ലംഘിച്ചാല്‍ ബന്ധപ്പെട്ട കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാമെന്നും വ്യക്തമാക്കിയിരുന്നു. സ്‌റ്റേഷനിലെത്തി ആര്‍ഷോ ഒപ്പിടുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് പോലീസ് വീണ്ടും കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണ് ജാമ്യം റദാക്കിയത്.