ഇന്ത്യന്‍ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനിലെ യാത്രികർ 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാന്‍ പോകുന്ന ശക്തികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
"കുറച്ച് നേരം മുന്‍പ് നാല് ഗഗന്‍യാന്‍ യാത്രികരെ രാജ്യം കണ്ടു. അവർ കേവലം നാല് പേരല്ല, നാല് മനുഷ്യരല്ല. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാന്‍ പോകുന്ന ശക്തികളാണ്. 40 വർഷത്തിന് ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നു. ഈ സമയം, ഈ സമയം നമ്മുടേതാണ്. നമ്മുടെ കൗണ്ട്ഡൗണ്‍, നമ്മുടെ റോക്കറ്റ്," പ്രധാനമന്ത്രി പറഞ്ഞു.
''എല്ലാ രാജ്യത്തിന്റേയും വികസന യാത്രയില്‍ വർത്തമാനകാലത്തെ മാത്രമല്ല വരും തലമുറയുടെ ഭാവിയേയും നിർവചിക്കുന്ന ചില നിമിഷങ്ങളുണ്ടാകാറുണ്ട്. ഈ നിമിഷം അത്തരത്തിലൊന്നാണ്,'' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
''ബഹിരാകാശ സഞ്ചാരികളെ രാജ്യത്തിന് പരിചയപ്പെടുത്താന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയുടെ പേരില്‍ ഞാന്‍ നാലുപേരെയും അഭിനന്ദിക്കുന്നു. നിങ്ങള്‍ ഇന്നത്തെ ഇന്ത്യയുടെ അഭിമാനമാണ്,'' പ്രധാനമന്ത്രി പറഞ്ഞു.
''ഗഗന്‍യാനില്‍ ഉപയോഗിക്കുന്ന മിക്ക ഉപകരണങ്ങളും ഇന്ത്യയില്‍ തന്നെ നിർമിച്ചതെന്നത് സന്തോഷം പകരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറാനൊരുങ്ങുന്നു, അതേസമയം തന്നെ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യയെ പുതിയ ഉയരത്തിലേക്ക് നയിക്കുന്നു. 2035ഓടെ ഇന്ത്യയ്ക്ക് ബഹിരാകാശത്ത് സ്വന്തമായി ഒരു ബഹിരാകാശ നിലയമുണ്ടാകും. ബഹിരാകാശത്ത് അജ്ഞാത മേഖലകളെക്കുറിച്ച് പഠിക്കാന്‍ അത് നമ്മെ സഹായിക്കും,'' പ്രധാനമന്ത്രി പറഞ്ഞു.
മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പടെ നാലുപേരാണ് ഗഗന്‍യാത്രയുടെ ഭാഗമാകുന്നത്. പ്രശാന്ത് ബാലകൃഷ്ണനു പുറമേ അജിത് കൃഷ്ണന്‍, അങ്കത് പ്രതാപ്, ശുഭാന്‍ശു ശുക്ല എന്നിവരാണ് ഗഗന്‍യാനിലെ യാത്രികര്‍.
യാത്രയ്ക്കായി വ്യോമസേനയില്‍നിന്ന് നാലുപേരെ മൂന്നുവര്‍ഷം മുമ്പുതന്നെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ഐഎഎസ്ആർഒ രഹസ്യമായി വെക്കുകയായിരുന്നു.
കടുത്ത വെല്ലുവിളികൾ ഉടലെടുക്കാൻ കഴിയുന്ന സാഹചര്യങ്ങൾ അതിജീവിക്കാൻ ഏറ്റവും കഴിവുള്ളവരെന്ന നിലയിലാണ് വ്യോമസേനാ പൈലറ്റുമാരെ ഗഗൻയാൻ ദൗത്യത്തിനായി ഐഎസ്ആർഒ തിരഞ്ഞെടുത്തത്. നാല് പൈലറ്റുമാരും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിൽ ഒന്നരവർഷം പരിശീലനം പൂർത്തിയാക്കിയിരുന്നു. തുടർന്ന് ബെംഗളൂരുവിൽ ഐഎസ്ആർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലും പരിശീലനം നടത്തി.
ശുഭാന്‍ശു ശുക്ല ഒഴിയകെയുള്ള മൂന്ന് യാത്രികരും വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻമാരാണ്. സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞ യാത്രികനായ ശുഭാൻശു ശുക്ല വിങ് കമാൻഡറാണ്.