KERALA

'വരദ' ഇനി ഓർമയിലെ മേല്‍വിലാസം, സുഗതകുമാരിയുടെ വീട് വിറ്റു; വെറുംവാക്കായി സ്മാരകമെന്ന സർക്കാർ പ്രഖ്യാപനം

ദ ഫോർത്ത് - തിരുവനന്തപുരം

മണ്ണിനും മനുഷ്യനും പ്രകൃതിക്കും വേണ്ടി കലഹവും കവിതകളുമായി പോരാടിയ കവയത്രി സുഗതകുമാരി. അവരുടെ അവശേഷിക്കുന്ന ഓർമകൾക്ക് മങ്ങലേറ്റു തുടങ്ങി. തൻ്റെ കവിതകളും എഴുത്തുമായി പതിറ്റാണ്ടുകളോളം സുഗതകുമാരി ടീച്ചർ താമസിച്ച തിരുവനന്തപുരം നന്ദാവനത്തെ വീടും വിസ്മൃതിയിലേക്ക് തള്ളപ്പെടുകയാണ്.

സുഗത കുമാരിയുടെ മരണത്തോടെ രണ്ടര വർഷത്തോളം ആൾ പെരുമാറ്റം ഇല്ലാത്ത അവസ്ഥയിലേക്ക് വരദ മാറുകയായിരുന്നു. പരിപാലനം അടക്കം പ്രതിസന്ധിയായതോടെയാണ് വീട് വിൽപ്പന നടത്തേണ്ടി വന്നത് എന്നാണ് മകൾ ലക്ഷ്മി പറയുന്നത്. വീട് കാടു മൂട് തുടങ്ങിയിരുന്നു എന്നും മകള്‍ പറയുന്നു. കാട്ടാക്കട സ്വദേശിയാണ് വീട് വാങ്ങിയിരിക്കുന്നത്. സുഗത കുമാരിക്ക് സ്മാരകം പണിയുമെന്ന് അടക്കമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും നാളിതുവരെയായി എങ്ങും എത്തിയിട്ടില്ല.

ഏറെ നാളായി അടച്ചിട്ടിരുന്ന വീടില്‍ ആളും ബഹളവും കണ്ടു അറ്റകുറ്റപ്പണി നടക്കുകയായിരുന്നുവെന്നാണ് അയല്‍ക്കാര്‍ കരുതിയത്. ഒരു ഭാഗം ഇടിച്ചു നിരത്തുന്നത് കണ്ടന്വേഷിച്ചപ്പോഴാണ് വീട് മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തി എന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. വീടിനോട് ചേർന്ന് സുഗതകുമാരി ടീച്ചറുടെ എഴുത്തിനും ആലോചനക്കുമായി പണിത ഔട്ട് ഹൗസ് പൂർണമായും ഇടിച്ച് നിരപ്പാക്കി കഴിഞ്ഞു. അവിടെയിരുന്ന് മലയാളത്തിൻറെ മഹാ കവയത്രി എഴുതിയതും പാടിയതുമായ പാട്ട് ഓർമ്മകൾ ഉണ്ട് അയൽക്കാർക്ക്.

സുഗതകുമാരിക്ക് കിട്ടിയ പുരസ്കാരങ്ങളും ബാക്കിയായ പുസ്തകങ്ങളും കത്തുകളും എല്ലാം ഈ വീട് വിട്ട് പോയിക്കഴിഞ്ഞു. സുഗതകുമാരി വരദ നന്ദാവനം എന്ന മേൽവിലാസം തേടി കത്തുകളെത്തുന്നത് നിലച്ചിട്ട് കാലങ്ങളായി. ആ ലെറ്റർ ബോക്സും ഇവിടെ ബാക്കിയാവുകയാണ്.

അതേസമയം, സുഗതകുമാരിയുടെ വീട് ബന്ധുക്കള്‍ വില്‍ക്കാന്‍ തീരുമാനിച്ച വിവരം സര്‍ക്കാര്‍ അറിഞ്ഞില്ലെന്നാണ് സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം. വീട് സര്‍ക്കാരിന് കൈമാറിയിരുന്നെങ്കില്‍ എറ്റെടുക്കാന്‍ തയ്യാറായിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും