KERALA

എന്‍എസ്എസിന്റെ നാമജപയാത്ര: ആയിരം പേർക്കെതിരെ കേസ്, വൈസ് പ്രസിഡന്റ് ഒന്നാം പ്രതി

വെബ് ഡെസ്ക്

വിവാദപ്രസംഗത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന എന്‍എസ്എസിന്റെ നാമജപയാത്രയ്‌ക്കെതിരെ പോലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാറിനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന ആയിരത്തോളം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.

FIR_15291010230798.pdf
Preview

അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതതടസ്സം സൃഷ്ടിച്ചതിനുമാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. പോലീസിന്റെ നിര്‍ദേശം ലംഘിച്ചാണ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതിയുമായി ബന്ധപ്പെട്ട മിത്ത് വിവാദത്തിനെതിരെയായിരുന്നു നാമജപഘോഷയാത്ര. എന്‍എസ്എസ് താലൂക്ക് യൂണിയനിലെ കരയോഗങ്ങളില്‍ നിന്നും വനിതകള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് പ്രതിഷേധ പരിപാടിയില്‍ അണിനിരന്നത്. നിലപാടില്‍ മാറ്റമില്ലെന്ന് സ്പീക്കറും സിപിഎമ്മും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പ്രതിഷധം കടുപ്പിക്കാനാണ് എന്‍എസ്എസ് തീരുമാനം.

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നത്. ശാസ്ത്രവും മിത്തും കൂട്ടിക്കലര്‍ത്തി ഷംസീര്‍ നടത്തിയ പരാമര്‍ശം വര്‍ഗീയവാദികള്‍ക്ക് ആയുധം കൊടുക്കുകയാണെന്നും ശാസ്ത്രബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. വിശ്വാസത്തെ ഹനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും മറ്റുള്ളവരെ നിന്ദിക്കരുതെന്ന് വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു.

അതേസമയം സ്പീക്കറുടെ പ്രസംഗത്തില്‍ മാപ്പ് പറയാനോ തിരുത്തലിനോ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. സ്പീക്കര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണെന്നും പ്രസംഗം വ്യാഖ്യാനിച്ച് വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് നടന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആരുടെയും മത വിശ്വാസം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു വിശ്വാസ സമൂഹത്തിനും എതിരല്ലെന്നും സ്പീക്കര്‍ എ എന്‍ ഷംസീറും വിശദീകരിച്ചു. ശാസ്ത്രീയ ചിന്തകളുണ്ടാകേണ്ടതിനെക്കുറിച്ച് എറണാകുളത്തെ ഒരു സ്‌കൂളില്‍ ശാസ്ത്രമേളയ്ക്കിടെ നടത്തിയ എ എന്‍ ഷംസീറിന്റെ പ്രസംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും