മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ വീഴ്ച വ്യക്തമാക്കി കോടതി. അപകടത്തിന് ശേഷം ശ്രീറാമിന്‍റെ രക്ത പരിശോധന നടത്തുന്ന കാര്യത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചു. മദ്യത്തിന്റെ മണമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ് പോലീസ് ചെയ്തത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെച്ച് മെഡിക്കല്‍ സാമ്പിള്‍ എടുത്തില്ലെന്നും പ്രതികളുടെ വിടുതല്‍ ഹർജി ഉത്തരവില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കുന്നു.
കെ എം ബഷീറും ശ്രീറാം വെങ്കിട്ടരാമനും തമ്മില്‍ മുൻ പരിചയമില്ല. അതുകൊണ്ട് കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണ് കാറിടിച്ചതെന്ന് കരുതാനാവില്ല. ശ്രീറാമാണ് കെ എം ബഷീറിനെ ആശുപത്രിയിലെത്തിച്ചതും. രക്ത പരിശോധന ശ്രീറാം തടസപ്പെടുത്തിയതിന് തെളിവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫാ ഫിറോസിനുമെതിരെ ചുമത്തിയിരുന്ന നരഹത്യ കുറ്റം കോടതി ഒഴിവാക്കിയിരുന്നു. ശ്രീറാം വെങ്കിട്ടരാമനെതിരെ ഇനി വാഹനാപകട കേസിൽ മാത്രമാണ് വിചാരണ നടക്കുക.
മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കൂ എന്നുമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ഹർജിയിലെ വാദം. ശ്രീറാമിന്റെ ശരീരത്തില്‍ നിന്ന് കെ എം ബഷീറിന്റെ രക്ത സാമ്പിളുകള്‍ ലഭിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താൻ നിരപരാധിയാണെന്നും കേസിൽ നിന്ന് ഒഴിവാക്കമെന്നുമായിരുന്നു ഹർജിയിൽ വഫയുടെ വാദം.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിന് സമീപം വെച്ച് കെ എം ബഷീർ വാഹനമിടിച്ച് മരിക്കുന്നത്. 2020 ഫെബ്രുവരി മൂന്നിനാണ് പ്രത്യേക അന്വേഷണസംഘം ശ്രീറാം വെങ്കിട്ടരാമനെയും വഫാ ഫിറോസിനെയും പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. വഫയുടെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. 100 കിലോമീറ്ററിലേറെ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.