പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് ആരോഗ്യ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് പോലീസ്. 2017 നവംബര്‍ 30ന് ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയ നടത്തിയ സംഘത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റസിഡന്റ് രണ്ട് നഴ്സുമാര്‍ എന്നിവരെയാണ് പുതിയതായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നാല് ഇക്കാലയളവില്‍ പേരും മെഡിക്കല്‍ കോളേജിലെ ജീവനക്കാരായിരുന്നു.
ഡോ. ഷഹന എം (കൺസൾട്ടന്റ് ഇൻ ഗൈനക്കോളജി മാതാ ഹോസ്പിറ്റൽ കോട്ടയം), ഡോ. രമേശന്‍ സികെ (അസിസ്റ്റന്റ് പ്രൊഫസർ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ഗ. മെഡിക്കൽ കോളേജ് മഞ്ചേരി), സഴ്‌സുമാരായ രഹന എം (ഗ. മെഡിക്കൽ കോളേജ് കോഴിക്കോട്), മഞ്ജു കെജി (ഗ. മെഡിക്കൽ കോളേജ് കോഴിക്കോട്) എന്നിവരെ ഉള്‍പ്പെടുത്തിയ പ്രതി പട്ടിക പോലീസ് കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിച്ചു. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.
ഹര്‍ഷിന നല്‍കിയ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് മാസം കൊണ്ടാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തില്‍ വയറ്റിലെ കത്രിക മെഡിക്കല്‍ കോളേജിലേത് തന്നെയാണെന്ന് കണ്ടെത്തിയെങ്കിലും ഈ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു. അതേസമയം അതേസമയം പോലീസ് ആ നിലപാട് മാറ്റിയില്ലെന്ന് മാത്രമല്ല നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയ പോലീസ് നടപടിക്രമങ്ങളില്‍ നിയമോപദേശം തേടുകയും ചെയ്തു.
വയറിനുള്ളില്‍ 12 സെന്റീമീറ്റര്‍ നീളമുള്ള കത്രിക (ആര്‍ട്ടറി ഫോര്‍സെപ്‌സ്)യും കൊണ്ട് അഞ്ച് വര്‍ഷത്തോളമാണ് ഹര്‍ഷിന വേദന സഹിച്ച് കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയയിലൂടെ മെഡിക്കല്‍ കോളേജില്‍ വച്ചു തന്നെ കത്രിക പുറത്തെടുത്തിരുന്നു. എന്നാൽ എംആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പറയാന്‍ സാധിക്കില്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.
അതേസമയം, സംഭവത്തില്‍ വിദഗ്ദ സമിതിയെ നിയോഗിച്ച് വിശദമായ പരിശോധന നടത്തണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. പലപ്പോഴും വാർത്തകളിലൂടെ നമ്മൾ ഇത്തരം അനാസ്ഥകൾ കാണാറുണ്ട്. ഈ സംഭവത്തിൽ തെറ്റ് പറ്റി എന്നത് നൂറു ശതമാനം ഉറപ്പാ കാര്യമാണ്. എന്നാൽ ഇതാര് ചെയ്തു എന്ന കാര്യം കണ്ടെത്താനായി കേരളത്തിലെ നിയമങ്ങൾക്ക് അനുസൃതമായി മാത്രമേ ചെയ്യാൻ പാടുള്ളു. കാരണം ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല.
കേരളത്തിലെ നിയമങ്ങൾ പറയുന്നത് ഒരു എക്സ്പെർട്ട് കമ്മിറ്റിയെ ഉണ്ടാക്കി അവരുടെ അഭിപ്രായ പ്രകാരം മാത്രമേ കേസ് ചാർജ് ചെയ്ത് മുന്നോട്ട് പോകാവുള്ളു എന്നാണ്. അങ്ങനെ ആരാണ് ഇത് ചെയ്തതെന്ന് കണ്ടെത്തിയ ശേഷം മാത്രം ശിക്ഷിക്കാൻ പാടുള്ളു എന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭിപ്രായം. അതുപോലെ ഹർഷിനയ്ക്ക് അനുവദിച്ചിരിക്കുന്ന നഷ്ടപരിഹാരം വളരെ കുറഞ്ഞു പോയെന്നാണ് അഭിപ്രായം. കുറഞ്ഞത് 50 ലക്ഷത്തിൽ കൂടുതലെങ്കിലും അവർക്ക് നഷ്ടപരിഹാര തുകയായി നൽകണം.
ഓപ്പറേഷന് മുൻപും അതിനു ശേഷവും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കണക്കുകൾ എടുക്കാറുണ്ട്. എന്നാൽ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ചില സന്ദര്‍ഭങ്ങളിലും അടിയന്തിര ഘട്ടങ്ങളിലും ഇത് ചിലപ്പോൾ സാധിക്കാറില്ല. ഇതും പരിഹരിക്കപ്പെടേണ്ടതാണ്.