KERALA

ഉമേഷ് വള്ളിക്കുന്നിന് വീണ്ടും പോലീസിന്റെ മെമ്മോ; ഇത്തവണത്തെ കുറ്റം ആദ്യ മെമ്മോ പ്രചരിപ്പിച്ചുവെന്നത്

വെബ് ഡെസ്ക്

സാമൂഹ്യപ്രശ്നങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിന് വീണ്ടും പോലീസിന്റെ മെമ്മോ. നേരത്തെ നൽകിയ മെമ്മോയും അതിന് ഉമേഷ് നൽകിയ മറുപടിയും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പുതിയ മെമ്മോ നൽകിയിരിക്കുന്നത്.

സാമൂഹിക പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടപ്പോൾ അഭിവാദ്യമർപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ഉമേഷിന് പത്തനംതിട്ട ഡിവൈ എസ് പി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനുനൽകിയ മറുപടി മാധ്യമങ്ങൾക്ക് നൽകിയെന്നും വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് പുതിയ മെമ്മോയിലെ ആരോപണം.

ആദ്യം നൽകിയ മറുപടിയിൽ താനെഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുകയും കോടതി വെറുതെവിട്ട വ്യക്തിക്ക് അഭിവാദ്യങ്ങളർപ്പിക്കുന്നത് പോലീസ് മേധാവിയുടെ മുൻകാല ഉത്തരവുകളെ ലംഘിക്കുന്നതല്ലെന്നും ഓർമപ്പെടുത്തിയിരുന്നു. അതേസമയം, ബലാത്സംഗ ക്വട്ടേഷൻ കേസ് പ്രതിയും സിനിമാക്കാരനുമായ വ്യക്തി പങ്കെടുത്ത പരിപാടികൾക്ക് സുരക്ഷ നൽകാൻ പൊലീസുകാരെ അയച്ചതിനെ മറുപടിയിൽ ഉമേഷ് വിമർശിക്കുകയും ചെയ്തു.

പോലീസുകാർ ഏറ്റവും ഗതികെട്ട ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന വാചകത്തിലാണ് ഒടുവിലത്തെ മെമ്മോയ്ക്ക് ഉമേഷ് നൽകിയ മറുപടി തുടങ്ങുന്നത്

ഈ മെമ്മോയുടെയും അതിന്റെ മറുപടിയുടെയും പകർപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുകയും അത് മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മെമ്മോയ്ക്ക് തൃപ്തികരമായ മറുപടി നൽകാതെ, അച്ചടക്കലംഘനത്തിനു കാരണമായ പ്രവൃത്തിയെ ന്യായീകരിക്കുകയും മെമ്മോയും മറുപടിയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിന് പത്തനംതിട്ട ഡിവൈ എസ് പി ഇപ്പോൾ മെമ്മോ നൽകിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാനായിരുന്നു നിർദേശം.

പോലീസുകാർ ഏറ്റവും ഗതികെട്ട ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന വാചകത്തിലാണ് ഇപ്പോഴത്തെ മെമ്മോയ്ക്ക് ഉമേഷ് നൽകിയ മറുപടി തുടങ്ങുന്നത്. ''ബ്രിട്ടീഷ് അടിമപ്പണിയായിരുന്ന കാലത്തുപോലും കേട്ടുകേൾവിയില്ലാത്ത തരം ഉത്തരവുകളിലൂടെ മേലുദ്യോഗസ്ഥർ താഴേക്കിടയിലുള്ള പൊലീസുകാരെ ചവിട്ടിതേക്കുമ്പോഴും നിശബ്ദചാവേറുകളായി തുടരുകയാണ് പോലീസുകാർ. അപമാനങ്ങൾക്കെതിരെ ചെറുതായൊന്നു പ്രതികരിച്ചാൽ പ്രതികാരബുദ്ധിയോടെ വേട്ടയാടുന്നതാണ് സേനയിലെ പതിവ്,'' ഉമേഷ് മറുപടിയിൽ പറയുന്നു.

കോഴിക്കോട് ഫറോക്ക് സ്റ്റേഷനിൽ ജോലിചെയ്തിരുന്ന കാലത്ത് ഉമേഷിനെതിരെ നിർബന്ധിത വിരമിക്കലിന് അന്നത്തെ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ വി ജോർജ് ഉത്തരവിട്ടിരുന്നു. ഇത് പിന്നീട് ഒഴിവാക്കപ്പെടുകയായിരുന്നു. ഒടുവിൽ കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ ജാതി അധിക്ഷേപത്തിനെതിരായ സമരത്തിൽ അഭിപ്രായം രേഖപ്പെടുത്തിയതിനാണ് ഉമേഷിനെ ഫറോക്കിൽനിന്ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലേക്ക് സ്ഥലം മാറ്റിയത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം