കൊല്ലം കരുനാഗപ്പള്ളിയില്‍ അഭിഭാഷകരെ മര്‍ദിച്ചെന്ന ആരോപണത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ സേനയ്ക്കുള്ളില്‍ അമര്‍ഷം ശക്തമാവുന്നു. വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. നിയമാനുസരണ നടപടി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഉദ്യോഗസ്ഥര്‍ക്ക് എതിരായ നടപടി പോലീസ് സേനയുടെ തന്നെ ആത്മവീര്യം ചോര്‍ത്തുന്നതാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന നിര്‍വാഹക സമിതിയുടെ അടിയന്തര യോഗം ചേരാന്‍ സേന തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് എറണാകുളത്താണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
നിയമാനുസരണ നടപടി സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
കരുനാഗപ്പള്ളി എസ്എച്ച്ഒ ജി ഗോപകുമാര്‍, എസ്‌ഐ അലോഷ്യസ് അലക്‌സാണ്ടര്‍, ഗ്രേഡ് എസ്‌ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തത്. എഡിജിപി വിജയ് സാഖറെയാണ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. സേനയ്ക്കകത്തെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്.
ഈ മാസം അഞ്ചിനാണ് കരുനാഗപ്പള്ളിയില്‍ മദ്യപിച്ച് അക്രമാസക്തനായി പെരുമാറിയ അഭിഭാഷകനെതിരെ പോലീസ് നടപടിയെടുത്തത്
ഈ മാസം അഞ്ചിനാണ് കരുനാഗപ്പള്ളിയില്‍ മദ്യപിച്ച് അക്രമാസക്തനായി പെരുമാറിയ അഭിഭാഷകനെതിരെ പോലീസ് നടപടിയെടുത്തത്. പൊതുജനങ്ങള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി അഭിഭാഷകനെതിരെ നടപടിയെടുക്കുകയായിരുന്നു.
വാഹനാപകടം ഉണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകന്‍ ജയകുമാര്‍ മദ്യപിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പരിശോധിക്കാന്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അഭിഭാഷകന്‍ അക്രമസ്വഭാവം കാണിച്ചെന്നും പരാതിയുണ്ട്. സ്റ്റേഷനിലെ ലോക്കപ്പിനകത്ത് അക്രമ സ്വഭാവം കാണിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ അഭിഭാഷകനെ പോലീസ് മര്‍ദിച്ചുവെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. എന്നാല്‍ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
നടപടി അപലപനീയമാണെന്നും പിന്‍വലിക്കണമെന്നും ഐപിഎസ് അസോസിയേഷന്‍
മദ്യാസക്തിയില്‍ പൊതുജനങ്ങള്‍ക്ക് ശല്യമായി മാറിയ ഒരാളെ കസ്റ്റഡിയിലെടുത്തതിന് പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത് ശരിയായ നടപടിയല്ലെന്നാണ് സേനയ്ക്ക് അകത്തെ വികാരം. നടപടി അപലപനീയമാണെന്നും പിന്‍വലിക്കണമെന്നും ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.