മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന ആവശ്യവുമായി കേരളാ പോലീസ്. ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് നിരീക്ഷണം. ഇതു സംബന്ധിച്ച റിപ്പോർട്ട് ഉത്തരമേഖലാ ഡിഐജി രാഹുൽ ആർ നായർ ജില്ലാ കളക്ടർക്ക് കൈമാറി. ഫർസീനെതിരെ നിലവിലുള്ള കേസുകളുടെ വിശദാംശങ്ങളടക്കം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഫർസീൻ പ്രതികരിച്ചു
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് ഫര്‍സീന്‍ മജീദ്. ഒരുപാട് കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ഫര്‍സീനെന്നും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാൻ അനുവദിക്കരുതെന്നുമാണ് ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഫർസീന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. കാപ്പാ ഉപദേശക സമിതിയുടെ അംഗീകാരത്തോടെ മാത്രമേ റിപ്പോർട്ടിൻമേൽ മേൽ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ള.
കാപ്പ ചുമത്തേണ്ടത് മുഖ്യമന്ത്രിക്ക് എതിരെ : കെ സുധാകരൻ
കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. "പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് തന്നെ നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച ഇപി ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയും ഒരുക്കി. അതേസമയം കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന യൂത്ത് കോണ്‍ഗ്രസുകാരെ പ്രതിയാക്കുകയാണ് മുഖ്യമന്ത്രിയുടെ പോലീസ്. കോടതി ഉത്തരവിട്ടിട്ടും എല്‍ഡിഎഫ് കണ്‍വീനറെ ഒന്നു ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ലെന്നും" കെ സുധാകരൻ ആരോപിച്ചു
ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള തീരുമാനത്തെ ശക്തിയായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. "ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതില്‍ പലതും അവസാനിച്ചു. അങ്ങനെയെങ്കില്‍ 40 ക്രിമിനല്‍ കേസുകളുള്ള എസ് എഫ് ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോ" യെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.