KERALA

എ എൻ ഷംസീറിനും യൂത്ത് ലീഗിനുമെതിരായ സംഘപരിവാറിന്റെ കൊലവിളി മുദ്രാവാക്യം: പോലീസ് കേസെടുത്തു

യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് കൊപ്പം പോലീസ് കേസെടുത്തത്

വെബ് ഡെസ്ക്

പാലക്കാട് കൊപ്പത്ത് സ്പീക്കര്‍ എ എന്‍ ഷംസീറിനും യൂത്ത് ലീഗിനുമെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് കൊപ്പം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് പാലക്കാട് കൊപ്പത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം വിളിച്ചത്.

വി എച്ച് പി, ബിജെപി സംഘടനകളുടെ നേതൃത്വത്തിലാണ് കൊപ്പത്ത് പ്രതിഷേധ ജാഥ അരങ്ങേറിയത്. 'ഹിന്ദുത്വത്തെ അപമാനിച്ചാല്‍ പച്ചയ്ക്കിട്ട് കത്തിക്കും, പള്ളിപ്പറമ്പില്‍ കുഴിച്ചുമൂടും' എന്നതടക്കമായിരുന്നു മുദ്രാവാക്യം. സ്പീക്കര്‍ക്കും യൂത്ത് ലീഗിനുമെതിരായ മുദ്രാവാക്യങ്ങള്‍ക്കൊപ്പം പാണക്കാട് കുടുംബത്തിനെതിരെയും ജാഥയില്‍ അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങളുയര്‍ന്നിരുന്നു.

സ്പീക്കറുടെ വിവാദ പ്രസംഗത്തിന് പിന്നാലെ കണ്ണൂരിലും ആര്‍എസ്എസിന്റെ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തിനിടെ സ്പീക്കര്‍ എ എന്‍ ഷംസീറിനും പി ജയരാജനുമെതിരെ ആര്‍എസ്എസ് കൊലവിളി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പിന്നാലെ സ്പീക്കറുടെയും പി ജയരാജന്റേയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. 'ഹിന്ദുക്കളുടെ നേരെ വന്നാല്‍ കയ്യും കൊത്തി, കാലും കൊത്തി കാളീപൂജ നടത്തും ഞങ്ങള്‍'' എന്നായിരുന്നു തലശ്ശേരി പള്ളൂരില്‍ ആര്‍എസ്എസ് നടത്തിയ മുദ്രാവാക്യം.

ശാസ്ത്രീയ ചിന്തകളുണ്ടാകേണ്ടതിനെക്കുറിച്ച് എറണാകുളത്തെ ഒരു സ്‌കൂളിലെ ശാസ്ത്രമേളയ്ക്കിടെ എ എന്‍ ഷംസീര്‍ നടത്തിയ പ്രസംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഷംസീറിന്റെ പ്രസംഗം ഹിന്ദുത്വവിരുദ്ധമാണെന്ന് വ്യഖ്യാനിച്ചായിരുന്നു പ്രതിഷേധങ്ങള്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ