KERALA

ലൈംഗികാരോപണം: മുകേഷിനെതിരെ കേസെടുത്ത് പോലീസ്; ഇനിയും സംരക്ഷിക്കുമോ സിപിഎം?

വെബ് ഡെസ്ക്

ലൈംഗികാരോപണം നേരിടുന്ന കൊല്ലം എംഎല്‍എയും നടനുമായ എം മുകേഷിനെതിരെ കേസെടുത്ത് പോലീസ്. എറണാകുളം സ്വദേശിയുടെ പരാതിയില്‍ കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ഐപിസി 354, 354 (എ), 509 എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. പോലീസ് കേസെടുത്തതോടെ മുകേഷിന്റെ രാജിക്കായി സമ്മർദം വർധിക്കുകയാണ്.

മുകേഷ് എംഎല്‍എ പദവി എത്രയും വേഗം രാജിവെച്ചൊഴിയണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. രാജിവെച്ച് നിഷ്‌പക്ഷമായി അന്വേഷണം നേരിടണമെന്നും ആനി രാജ കൂട്ടിച്ചേർത്തു. മുകേഷിനെതിരെ ഒന്നിലധികം ലൈംഗികാരോപണം ഉയർന്ന പശ്ചാത്തലത്തില്‍ രാജിവെക്കണമെന്നുള്ള ആവശ്യം പ്രതിപക്ഷത്തുനിന്നും പൊതുസമൂഹത്തില്‍നിന്നും ഉയർന്നിരുന്നു. മുകേഷിന്റെ രാജിക്കായുള്ള ആവശ്യം പ്രതിപക്ഷം ഇന്ന് കൂടുതല്‍ ശക്തമാക്കും.

സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികപീഡന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്തെത്തിയിരുന്നു. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ രഞ്ജിത്ത് പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. 2012ല്‍ ബെംഗളൂരുവില്‍ വെച്ചാണ് സംഭവം. ഡിജിപിക്ക് യുവാവ് പരാതി നല്‍കുകയും ചെയ്തു.

താൻ ഉൾപ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർക്കെതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ചുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മുകേഷ് കഴിഞ്ഞദിവസം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണ്. എങ്കിൽ മാത്രമേ പൊതുസമൂഹം ചർച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുള്ളൂവെന്നും മുകേഷ് കൂട്ടിച്ചേർത്തു.

നടനെന്ന നിലയ്ക്ക് മാത്രമല്ല ജനപ്രതിനിധിയെന്ന നിലയ്ക്കും പൊതുസമൂഹത്തോട് തനിക്ക് ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയമായി വേട്ടയാടാൻ വരുന്നവരോട് പരാതിയില്ല. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉയർത്തി 2018 ൽ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞു. തനിക്കെതിരെ വിധിയെഴുതുന്നവർക്കു മുന്നിൽ നിരപരാധിത്വം വെളിപ്പെടുത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ചില വിശദീകരണങ്ങൾ മുന്നോട്ടുവയ്ക്കുന്നുവെന്ന് പറഞ്ഞായിരുന്നു കുറിപ്പ്.

യുവനടി നൽകിയ പരാതിയിൽ നടൻ സിദ്ധിഖിനെതിരെയും ബലാത്സംഗക്കുറ്റത്തിന് കേസെടുത്തിരുന്നു. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഔദ്യോഗികമായി നടി പരാതി നൽകിയത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ കൈമാറും.

തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന പേരിൽ സിദ്ധിഖും പരാതി നൽകിയിട്ടുണ്ട്. പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് ആരോപണം. ഇതിൽ അന്വേഷണം നടത്തണണമെന്നും സിദ്ധിഖ് ആവശ്യപ്പെട്ടിട്ടുണ്ട്. യുവനടി ഉയർത്തിയ ആരോപണത്തിനു പിന്നാലെ സിനിമ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും