വ്യക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ഭർത്താവിന്റെ ശരീരത്തിനുള്ളിൽ അജ്ഞാത വസ്തു അകപ്പെട്ടുവെന്ന ഭാര്യയുടെ പരാതിയില്‍ എറണാകുളം രാജഗിരി ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 336-ാം വകുപ്പ് പ്രകാരം മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തി എടത്തല പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് വിദഗ്ധസമതിയോട് അന്വേഷിക്കാൻ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്.
ശരീരത്തിനുള്ളിൽ കണ്ടെത്തിയ വസ്തു ആന്തരികാവയവങ്ങളില്‍ അണുബാധയുണ്ടാക്കിയതായും പിന്നീട് രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ഇത് നീക്കം ചെയ്യാനുള്ള നടപടികളൊന്നും ആശുപത്രി സ്വീകരിച്ചില്ലെന്നുമാണ് പരാതി
കാൻസർ ബാധിച്ചതിനാൽ വൃക്കകളിലൊന്ന് നീക്കം ചെയ്യുന്നതിനാണ് ചങ്ങനാശേരി സ്വദേശി സെബാസ്റ്റ്യൻ തോമസിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യനില വഷളാകുകയും തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാജഗിരി ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിനുള്ളിൽ എന്തോ വസ്തു അകപ്പെട്ടതായി ബിലീവേഴ്‌സ് ഹോസ്പിറ്റലിലെ സിടി സ്കാനിൽ കണ്ടെത്തിയെന്നും ഇത് ആന്തരികാവയവങ്ങളിൽ അണുബാധയുണ്ടാക്കുന്നുവെന്നുമാണ് പരാതി.
തുടർന്ന് രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും രോഗിയുടെ ശരീരത്തിൽ അകപ്പെട്ട വസ്തു നീക്കംചെയ്യാനുള്ള നടപടികളൊന്നും ആശുപത്രി സ്വീകരിച്ചില്ലെന്നും പരാതില്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം നടത്തിയില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.
ഇത്തരം പരാതികൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനുമുന്‍പ് പരാതി വിദഗ്ധ പാനലിന് (മെഡിക്കൽ നെഗ്‌ലിജൻസ്) പോലീസ് കൈമാറണമെന്നാണ് നിയമം. ഇതനുസരിച്ച്, പരാതി വിദഗ്ധ സമിതിക്ക് കൈമാറണമെന്ന് കോടതി നിർദേശം നൽകിയിരുന്നു.