നവകേരള സദസിനെതിരേ പ്രതിപക്ഷപാര്‍ട്ടികളുടെ സമരം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തര്‍ക്കെതിരേ വീണ്ടും പോലീസിന്റെ പ്രതികാരനടപടി. മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച ബസിനു നേര്‍ക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ കേസെടുത്തതിനു പിന്നാലെ തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്നു വൈകിട്ട് ഡിജിപിയുടെ വസതിയിലേക്ക് നടന്ന മഹിളാ മോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസ്. അതിക്രമിച്ച് കടക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കണ്ടാലറിയാവുന്ന നാലു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
നേരത്തെ മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ചിരുന്ന നവകേരള ബസിനെതിരേ കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ ഷൂ ഏറ് തത്സമയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ പോലീസ് ക്രിമിനല്‍ ഗൂഡാലോചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എറണാകുളം ജില്ലയിലെ കുറുപ്പംപടി പോലീസാണ് 24 ന്യൂസ് റിപ്പോർട്ടർ വി ജി വിനീതയെ അഞ്ചാം പ്രതിയാക്കി എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
സി ആർ പി സി വകുപ്പ് 41 (എ) പ്രകാരം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനീതയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്ഥലത്തില്ലാതിരുന്നതിനാൽ വിനീത പോലീസിന് മുന്നിൽ ഹാജരായില്ല. വിനീതയെ പ്രതി ചേർത്ത റിപ്പോർട്ട് ഇന്ന് പോലീസ് പെരുമ്പാവൂർ കോടതിയിൽ സമർപ്പിച്ചു.
കഴിഞ്ഞ ജൂൺ മാസത്തിൽ മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ സമാന രീതിയില്‍ പോലീസ് കേസെടുത്തിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയെത്തുടർന്നായിരുന്നു അന്നത്തെ കേസെങ്കില്‍ വിനീതയ്ക്കെതിരെയുള്ള കേസ് പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്തതാണ്.
തെളിവില്ലെന്ന് കോടതിയെ അറിയിച്ച് അഖിലക്കെതിരെ കേസ് സെപ്റ്റംബറിൽ പോലീസ് പിൻവലിച്ചിരുന്നു. അതേ സമയം, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെന്ന് കുറുപ്പംപടി സി ഐ ‘ദ ഫോർത്തി’നോട് പറഞ്ഞു. സംഭവ സമയത്ത് വിനീത സ്ഥലത്തുണ്ടായിരുന്നു. ഒന്നിൽക്കൂടുതൽ ദിവസത്തെ പ്ലാനിങ് നടന്നു. ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ചുവെന്നും വിനീതയ്ക്ക് എതിരെ വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഡിസംബർ 10നാണ് മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ചിരുന്ന ബസിനു നേരെ കെ എസ് യു പ്രവർത്തകർ കുറുപ്പംപടിക്ക് സമീപം ഷൂ വലിച്ചെറിഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകരെ വധശ്രമ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചേർത്ത വകുപ്പുകളുടെ സാധുത ചോദ്യം ചെയ്ത കോടതി അവർക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്ന് ട്വൻ്റി ഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻനായർ പറഞ്ഞു. കേരളത്തിൽ സ്വതന്ത്രമായി മാധ്യമപ്രവർത്തനം നടത്താൻ അനുവദിക്കുന്നില്ലെന്നും സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് പോകുന്നത് തെറ്റായ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു.
“റബർ ഷൂ എറിഞ്ഞാൽ കവചിത വാഹനത്തിലിരിക്കുന്ന ആൾ കൊല്ലപ്പെടുമെന്ന് കണ്ടുപിടിച്ച ലോകത്തിലെ ആദ്യത്തെ പോലീസാണ് കേരളത്തിലേത്. വിനീത ഒറ്റയ്ക്കല്ല. മുഴുവൻ ജീവനക്കാരും ഒരുമിച്ച് അറസ്റ്റ് വരിക്കാൻ തയാറാണ്. ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ഒരു മാധ്യമപ്രവർത്തകയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. നവകേരളസദസ് നടക്കുന്നുവെന്ന് കരുതി മാധ്യമപ്രവർത്തകർ വീട്ടിൽ കയറി കതക് അടച്ച് ഇരിക്കണോ? സിപിഎം ഗൗരവത്തോടെ ഈ വിഷയത്തെ കാണണം,” ശ്രീകണ്ഠൻ നായർ പറഞ്ഞു. കേസ് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്‌സ് സെക്രട്ടറി ആർ കിരൺ ബാബു പറഞ്ഞു.