ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരേ കേസെടുത്ത് പോലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ നല്‍കി പരാതിയിലാണ് ഷോണിനെതിരേ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട് വീണയ്‌ക്കെതിരേ ഷോണ്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചാണ് പരാതി.
കനേഡിയന്‍ കമ്പനി ഉണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തനിക്കും കുടുംബത്തിനുമെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണങ്ങള്‍ നടത്തി അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ പരാതി നല്‍കിയിരിക്കുന്നത്. തന്റെ പിതാവും ഭര്‍ത്താവും സിപിഎം നേതാക്കളായതിനാല്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
വീണയ്ക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന് ഷോണ്‍ നേരത്തെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ഷോണിനെ ഒന്നാം പ്രതിയാക്കിയും മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജസ് സ്‌കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കല്‍, സ്ത്രീകള്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം, വ്യാജ പ്രചരണം തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ചുമത്തിയത്.