കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പോലീസ് സ്‌റ്റേഷനില്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസുകാരെ വെള്ളപൂശി കമ്മീഷണറുടെ റിപ്പോർട്ട്. സഹോദരങ്ങള്‍ക്ക് മര്‍ദനമേറ്റത് സ്റ്റേഷനില്‍ വെച്ച് തന്നെയാണെന്നാണ് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ചിരിക്കുന്നത്.
മര്‍ദിച്ചുവെന്ന് സഹോരങ്ങളുടെ മൊഴിയിലുണ്ടെങ്കിലും ഇതിന് സാക്ഷികളില്ല
സൈനികന്‍ വിഷ്ണുവിനും സഹോദരന്‍ വിഘ്‌നേഷിനും പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്നെയാണ് മര്‍ദനമേറ്റതെന്നും എന്നാല്‍ മര്‍ദിച്ചത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നുമാണ് പോലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. മര്‍ദിച്ചുവെന്ന് സഹോദരങ്ങളുടെ മൊഴിയിലുണ്ടെങ്കിലും ഇതിന് സാക്ഷികളില്ല. എന്നാല്‍, ഇരുവര്‍ക്കും മര്‍ദനമേറ്റത് സ്‌റ്റേഷന് പുറത്ത് വെച്ചാണെന്ന കിളികൊല്ലൂര്‍ പോലീസിന്റെ വാദം റിപ്പോര്‍ട്ട് തള്ളുന്നു.
15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെട്ടത്
മര്‍ദനമേറ്റ വിഘ്‌നേഷാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. പിന്നാലെ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
മൂന്ന് മാസം മുൻപാണ് കരിക്കോട് സ്വദേശികളായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും കിളികൊല്ലൂര്‍ സ്റ്റേഷനില്‍ അതിക്രൂരമായി പോലീസ് മര്‍ദിച്ചത്. എംഡിഎംഎ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാനായി ഒരു പോലീസുകാരനാണ് വിഘ്‌നേഷിനെ വിളിച്ച് വരുത്തിയത്. എന്നാല്‍ എംഡിഎംഎ കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നില്‍ക്കാൻ കഴിയില്ലെന്ന് പറയുകയായിരുന്നു. വിഘ്‌നേഷും വിഷ്ണുവും പോലീസുകാരോട് കയർത്ത് സംസാരിക്കുകയും തുടർന്ന് റൈറ്ററെ മര്‍ദിച്ചെന്നുമായിരുന്നു പോലീസിന്റെ ആരോപണം.
ഇരുവരുടെയും മര്‍ദനത്തില്‍ പ്രകാശ് എന്ന പോലീസുകാരന്റെ തല പൊട്ടിയെന്നായിരുന്നു എഫ്ഐആർ. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും പരാതി പറയാൻ എത്തിയ സഹോദരങ്ങളെ പോലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് സ്റ്റേഷനിൽ നിന്ന് തനിക്കും സഹോദരൻ വിഷ്ണുവിനും ക്രൂര മർദ്ദനമേറ്റതായും നടപടി വേണമെന്നും ആവശ്യപ്പെട്ട് വിഘ്നേഷ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.
അതിനിടെ, പോലീസുകാര്‍ വിഷ്ണുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ആദ്യം തല്ലിയത് പോലീസ് ആണെന്ന് വ്യക്തമാക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. മഫ്തിയിലുള്ള എഎസ്ഐ പ്രകാശ് ചന്ദ്രനാണ് ആദ്യം മുഖത്തടിക്കുന്നത്. സൈനികന്റെ സഹോദരനെയും പോലീസ് മര്‍ദ്ദിക്കുന്നുണ്ട്. മര്‍ദനത്തെ വിഷ്ണു പ്രതിരോധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.