അപകീര്‍ത്തിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ മറുനാടന്‍ മലയാളി ഓൺലൈൻ ന്യൂസ് ചാനൽ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഷാജന്‍ സ്‌കറിയയുടെ കൊച്ചിയിലെ ഓഫീസിലും കൊല്ലത്തെ ജീവനക്കാരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി.
ഷാജന്‍ സ്‌കറിയയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താനും അന്വേഷണം
എറണാകുളം മരോട്ടിചോട്ടിലെ മറുനാടന്‍ മലയാളിയുടെ ഓഫീസിലാണ് സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്. രാവിലെ തുടങ്ങിയ പരിശോധനയില്‍ ജീവനക്കാരുടെ ഫോണും ലാപ്‌ടോപും പോലീസ് പിടിച്ചെടുത്തു. ഷാജന്‍ സ്‌കറിയയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താനും അന്വേഷണം നടക്കുകയാണ്. ആദായ നികുതി രേഖകളടക്കം പരിശോധിക്കും.
പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ അകീര്‍ത്തിക്കേസില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഷാജന്‍ സ്‌കറിയ ഒളിവില്‍ കഴിയുകയാണ്. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതിയില്‍ നിന്നും ഷാജനെതിരെ രൂക്ഷവിമര്‍ശനാണ് ഉണ്ടായത്. ഷാജന്‍ നടത്തുന്നത് മാധ്യമപ്രവര്‍ത്തനമല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പാഠമായ 'ഫൈവ് ഡബ്ല്യു & വണ്‍ എച്ച്' എന്ന തത്വത്തിലെ ഡബ്ല്യുവിന് പകരം ഇപ്പോള്‍ 'ഡി' സ്ഥാനം പിടിക്കുന്നുവെന്നും വിമര്‍ശിച്ചു. Defame, Denigrate, Damnify, Destroy (അപകീർത്തിപ്പെടുത്തുക, നീതിയുക്തമല്ലാതെ വിമർശിക്കുക, നശിപ്പിക്കുക, തകർക്കുക) എന്നിവയാണ് മറുനാടൻ വാർത്തകളുടെ തത്വമെന്നായിരുന്നു കോടതി നിരീക്ഷണം.
തനിക്കെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന പി വി ശ്രീനിജന്റെ പരാതിയില്‍ എറണാകുളം എളമക്കര പോലീസാണ് ഷാജനെതിരെ കേസെടുത്തത്. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഷാജനെതിരെ പോലീസ് കേസെടുത്തത്.