KERALA

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: അസാധാരണനീക്കവുമായി പോലീസ്, തുടരന്വേഷണത്തിന് അനുമതി തേടി

വെബ് ഡെസ്ക്

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി പോലീസ്. കൊല്ലം റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് മേധാവി എം എം ജോസാണ് അപേക്ഷയുമായി കോടതിയെ സമീപിച്ചത്. അപേക്ഷ നാളെ കോടതി പരിഗണിക്കും.

കേസില്‍ ദമ്പതികളായ പത്മകുമാര്‍, അനിത, മകള്‍ അനുപമ എന്നിവർ പ്രതികളായ കേസില്‍ വിചാരണനടപടി ആരംഭിക്കാനിരിക്കെയാണ് പോലീസിന്റെ അസാധാരണ നീക്കം. പത്മകുമാറും അനിതയും ഇപ്പോഴും ജയിലിലാണ്. അനുപമയ്ക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി അടുത്തിടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം നവംബര്‍ 27 നാണ് ഓയൂരില്‍നിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പ്രതികള്‍ ഇവരുടെ വീട്ടിലാണു താമസിപ്പിച്ചത്. കുട്ടിയെ മോചിപ്പിക്കാന്‍ മാതാപിതാക്കളോട് 10 ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മാധ്യമങ്ങളിലുടെയും മറ്റും വ്യാപക ജനശ്രദ്ധ വന്നതോടെയും പോലീസ് ഊര്‍ജിതമായി തിരച്ചില്‍ ആരംഭിച്ചതോടെയും പ്രതികള്‍ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു തുടര്‍ന്നാണു പ്രതികള്‍ പിടിയിലായത്.

കുട്ടിയെ കാണാതായി 96 മണിക്കൂറിനുശേഷമാണു പ്രതികള്‍ പിടിയിലായത്. സഹോദരന്‍ ജോനാഥനൊപ്പം വീട്ടില്‍നിന്നു ട്യൂഷനു പോയപ്പോഴാണു കുട്ടിയെ പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇതിനെ ജോനാഥന്‍ എതിര്‍ത്തിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടി, ജോനാഥന്‍, പ്രതികളുടെ രേഖാചിത്രം വരച്ചയാള്‍ എന്നിവരാണ് അന്വേഷണത്തില്‍ നിര്‍ണായകമായതെന്നു പോലീസ് പിന്നീട് പറഞ്ഞിരുന്നു. ഇവരെ മൂന്നു ഹീറോകളെന്നാണു അന്ന് പോലീസ് വിശേഷിപ്പിച്ചത്.

ബെംഗളുരുവില്‍ എല്‍ എല്‍ ബി പഠിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ഹര്‍ജിയിലെ ആവശ്യം. എല്ലാ മാസവും മൂന്നാം ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, കൊല്ലം ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വീഡിയോകളിലൂടെ യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു അനുപമ.

അനുപമയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. അനുപമയാണു കേസിലെ പ്രധാന ആസൂത്രകയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ എന്നാല്‍ കേസുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും കേസിലെ ഒന്നും രണ്ടും പ്രതികള്‍ മാതാപിതാക്കളാണെന്നുമായിരുന്നു അനുപമ ബോധിപ്പിച്ചത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും