പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ, പോലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിലെ ഗൂഢാലോചന അന്വേഷിക്കാൻ പോലീസ്. ഹർഷിന നൽകിയ പരാതിയിലാണ് നടപടി. DMO ഉൾപ്പെടെ മെഡിക്കൽ ബോർഡിലെ അംഗങ്ങളുടെ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും.
കോഴിക്കോട് മെഡിക്കൽ കോളേജ് എസിപി നടത്തിയ അന്വേഷണത്തിൽ ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക മെഡിക്കൽ കോളേജിലേത് തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ റിപ്പോർട്ട് പരിഗണിച്ച ജില്ലാ മെഡിക്കൽ ബോർഡ് കണ്ടെത്തൽ തള്ളി. ഇതോടെ മെഡിക്കൽ ബോർഡിൽ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർഷിന കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. കൂടാതെ റേഡിയോളജിസ്റ്റിനെ മാറ്റിയതുമായി ബന്ധപ്പെട്ട് സുതാര്യമായ അന്വേഷണം വേണമെന്നും ഹർഷിന പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
എസിപി സുദർശന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ ബോർഡിലെ അംഗങ്ങളായ ഡിഎംഒ, റേഡിയോളജിസ്റ്റ് തുടങ്ങി ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തും. ഇതുവഴി മുൻപ് നടത്തിയ കണ്ടെത്തൽ ശരിയെന്ന് സ്ഥപിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. എംആർഐ മെഷീൻ നിർമാണ കമ്പനികളായ സീമെൻസിന് പോലീസ് അയച്ച മെയിലിന് മറുപടി കിട്ടുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരും.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റിപ്പോര്‍ട്ട് നൽകിയത്. എന്നാൽ മെഡിക്കൽ കോളേജിൽ നിന്നാണ് കത്രിക കുടങ്ങിയതെന്ന് എംആര്‍ഐ സ്‌കാനിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കാനാവില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ബോര്‍ഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ നിലപാടിനെ ബാക്കിയുള്ളവരും അനുകൂലിക്കുകയായിരുന്നു. ഇതിലെ ദുരൂഹത അന്വേഷിക്കണമെന്നായിരുന്നു ഹർഷിനയുടെ ആവശ്യം. നേരത്തെ നടക്കേണ്ടിയിരുന്ന ബോർഡ് യോഗം ഓഗസ്റ്റ് എട്ടിലേക്ക് മാറ്റിയതും നേരത്തെ നിശ്ചയിക്കപ്പെട്ട വനിതാ റേഡിയോളജിസ്റ്റിനെ മാറ്റി പെട്ടെന്ന് തന്നെ പുതിയൊരാളെ നിയമിച്ചതും ഹർഷിന ചൂണ്ടിക്കാട്ടിയിരുന്നു.