ലൈംഗികാരോപണ പരാതിയില്‍ നടന്‍ സിദ്ധിഖിനെതിരെ തെളിവ് ശേഖരിച്ച് പോലീസ്. നടിയുടെ പരാതിയില്‍ പറയുന്ന ദിവസം സിദ്ധിഖ് താമസിച്ച തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലില്‍ പരാതിക്കാരിയെത്തിയിരുന്നതായി രേഖ. എട്ടുവര്‍ഷം മുന്‍പുള്ള സന്ദര്‍ശക രജിസ്റ്ററില്‍ പരാതിക്കാരി ഒപ്പിട്ടതായി പോലീസ് കണ്ടെത്തി.
2016ലായിരുന്നു കേസിനാസ്പദമായ സംഭവം. മാസ്‌കോട്ട് ഹോട്ടലില്‍ വച്ച് സിദ്ധിഖ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
അന്നേ ദിവസം തിരുവനന്തപുരം നിള തീയേറ്ററില്‍ നടന്ന സിനിമ പ്രിവ്യൂ ഷോയിലും ഇരുവരും പങ്കെടുത്തതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രിവ്യൂ ഷോയ്ക്കു പിന്നാലെ സിനിമ ചര്‍ച്ചയ്ക്കെന്നു പറഞ്ഞ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം.
എന്നാല്‍ പരാതിക്കാരിയെ മാതാപിതാക്കള്‍ക്കൊപ്പമാണ് കണ്ടതെന്നാണ് സിദ്ധിഖിന്റെ വാദം. ഇതെില്‍ വ്യക്തത വരുത്താന്‍ അന്വേഷണസംഘം പരാതിക്കാരിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും.
താന്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നാണു യുവനടി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നതെന്നാണു വിവരം. നാലുമണിക്കൂറിലേറെ സമയമെടുത്ത് നല്‍കിയ മൊഴിയില്‍ സിദ്ധിഖിനെതിരേ ഗുരുതര പരാമര്‍ശങ്ങളാണ് നടി തുറന്നുപറഞ്ഞത്. പീഡനത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നിലാണു യുവനടി ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെയാണു പോലീസിനു പരാതി നല്‍കിയത്.
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നടിയുടെ രഹസ്യ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുക. വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. പ്രത്യേക സംഘം കേസ് ഏറ്റെടുത്താല്‍ ഉടന്‍ തന്നെ സിദ്ധിഖിനെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 (ബലാത്സംഗം), 506, എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് മ്യൂസിയം പോലീസ് കേസെടുത്തത്. ഇതേ സംഭവത്തിൽ എറണാകുളത്ത് ലഭിച്ച പരാതികളിൽ ആറ് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.