KERALA

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തും

ദ ഫോർത്ത് - കൊച്ചി

ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തും. ആലുവ മജിസ്‌ട്രേറ്റ് - II ന്റെ മേൽനോട്ടത്തിൽ ആലുവ സബ് ജയിലിനുള്ളിൽ വച്ചായിരിക്കും തിരിച്ചറിയൽ പരേഡ് നടത്തുക. പോലിസ് കസ്റ്റഡിയിൽ വിടുന്നതിന് മുൻപേയുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി.

എറണാകുളം സിജെഎം കോടതിയാണ് പരേഡിനുള്ള അനുമതി നൽകിയത്. പ്രതിയായ അസ്ഫാക് ആലത്തെ കൂടുതൽ ചോദ്യം ചെയ്യാൻ വേണ്ടി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പോലീസിന്റെ അപേക്ഷ എറണാകുളം പോക്സോ കോടതി നാളെ പരിഗണിക്കും.

അഞ്ചുവയസുകാരിയുടെ കൊലപാതകത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസ് മിന്നൽ പരിശോധന നടത്തി. പ്രതി താമസിച്ച മുറിയിലും സംഘം പരിശോധന നടത്തി. ആലുവയിലും പരിസരപ്രദേശങ്ങളിലുമായി അമ്പതിലേറെ ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്.

അതിനിടെ അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് പോലീസ് അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ആലുവ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കുട്ടിയോടും കുടുംബത്തോടും സർക്കാർ അനാദരവ് കാട്ടിയെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

ഒൻപത് വകുപ്പുകളാണ് പ്രതിയായ അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി കൃത്യം നടത്തിയത് ഒറ്റയ്ക്കായിരുന്നുവെന്നും ഈ സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പോക്സോ വകുപ്പ്, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. ആലുവയിലെ കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ പോലീസിന് തീർച്ചയില്ല. ഇതിലൊരു കൃത്യത വരുത്താനും ചോദ്യം ചെയ്യലിലൂടെ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്