KERALA

സിദ്ധാർത്ഥന്റെ മരണം: കൂടുതൽ അറസ്റ്റിന് സാധ്യത; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ, രാഷ്ട്രീയം കലർത്തരുതെന്ന് എസ്എഫ്ഐ

സംഭവുമായി ബന്ധപ്പെട്ട് കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട 12 പേർ ഇപ്പോഴും ഒളിവിലാണ്

വെബ് ഡെസ്ക്

പൂക്കോട് വെറ്റനിററി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റിന് സാധ്യത. കേസിൽ കഴിഞ്ഞ ദിവസം ആറ് വിദ്യാർഥികളെ കൽപ്പറ്റ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. റാഗിങ്ങ്, ക്രൂര മർദനം, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വിദ്യാർഥിയുടെ മരണത്തില്‍ കേസെടുത്തിരിക്കുന്നത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട 12 പേർ ഇപ്പോഴും ഒളിവിലാണ്. സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾക്ക് പുറമെയുള്ള ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. കോളേജിലെ എസ്എഫ്ഐ യുണിറ്റ് സെക്രട്ടറി അഭിഷേക് എസ് ഉൾപ്പെടെയുള്ളവർ ഇതിലുണ്ട്.

ഒളിവിലുള്ള പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ച് അന്വേഷണം ഊര്‍ജിതമാക്കാനാണ് പോലീസ് നീക്കം. ഫെബ്രുവരി 18 നാണ് സിദ്ധാർഥനെ ക്യാമ്പസ്സിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യ ആണെന്ന മട്ടിൽ കോളേജ് ആദ്യഘട്ടത്തിൽ വിശദീകരിച്ചെങ്കിലും ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തുവന്നതോടെയാണ് കേസിന്റെ ചുരുളഴിയുന്നത്. സിദ്ധാര്‍ഥ് ഹോസ്റ്റലില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഉള്‍പ്പെടെ വിധേയമായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിലും സിദ്ധാർഥൻ റാഗിങ്ങിന് ഇരയായതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് 12 വിദ്യാർഥികളെ ഫെബ്രുവരി 23ന് സസ്‌പെൻഡ് ചെയ്യുന്നത്. കോളേജിലെ എസ് എഫ് ഐ യുണിറ്റ് പ്രസിഡന്റ് അരുൺ കെ ഉൾപ്പെടെ കേസില്‍ പ്രതിസ്ഥാനത്തുണ്ട്.

പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും സിദ്ധാർഥന്റെ ശരീരമാസകലം 2-3 ദിവസങ്ങള്‍ പഴക്കമുള്ള മുറിവുകൾ കണ്ടെത്തിയിരുന്നു. ക്രൂരമായ മർദനം സിദ്ധാർഥന് ഏറ്റിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംഭവം നടന്ന് 12 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ പോലീസിനെതിരെയും വിമർശനങ്ങളുണ്ട്. കോളേജ് ഡീൻ ഉൾപ്പെടെ പ്രതികളെ സംരക്ഷിക്കാൻ ഒത്താശ ചെയ്യുന്നുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഫെബ്രുവരി 15ന് വീട്ടിലേക്ക് യാത്ര തിരിച്ച സിദ്ധാർഥനെ പാതിവഴിയിൽ വച്ച് കോളേജിലേക്ക് തിരികെ വിളിച്ച ശേഷമായിരുന്നു റാഗിങ്ങ്. ക്യാമ്പസിനുള്ളിൽ വച്ച് വിവസ്ത്രനാക്കി പരസ്യവിചാരണ നടത്തിയെന്നും ബെൽറ്റും വയറും ഉപയോഗിച്ച് മർദിച്ചുവെന്നും സിദ്ധാർഥന്റെ മാതാപിതാക്കൾ ആരോപിക്കുന്നു. ക്യാമ്പസ്സിനുള്ളിൽ നടന്ന സംഭവങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്ന് പ്രതികളിൽ ഒരാളായ സിൻജോ വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയതായും കുടുംബം പറയുന്നു. ഇതിൽ ഭയന്നാണ് ആരും ഒരുകാര്യവും പുറത്തുപറയാത്തതെന്നും അവർ പറയുന്നു.

സിദ്ധാർഥന്റെ മരണത്തിൽ പോലീസ് നിസ്സംഗത കാണിക്കുന്നുവെന്ന് ആരോപിച്ച് കെ എസ് യു ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. ക്യാമ്പസുകളിൽ വിദ്യാർഥി വിചാരണയും, പരാതി തീർപ്പാക്കലും, ശിക്ഷ വിധിക്കലും നടത്തുന്ന എസ് എഫ് ഐ കോടതികൾ പ്രവർത്തിക്കുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആരോപിച്ചിരുന്നു. അതേസമയം സംഭവത്തിന് രാഷ്ട്രീയ നിറം നൽകരുതെന്നും കേസിൽ ഉൾപ്പെട്ട നാല് പ്രവർത്തകരെ സംഘടനയിൽനിന്ന് പുറത്താക്കിയിട്ടുണ്ടെന്നും എസ് എഫ് ഐ പറഞ്ഞു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം