പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജിവച്ചു. സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെ ഗവര്‍ണര്‍ പുതിയതായി നിയമിച്ച വിസി ഡോ പിസി ശശീന്ദ്രനാണ് രാജിവച്ചത്. രാജിക്കത്ത് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്ന് വൈസ് ചാന്‍സലര്‍ കത്തില്‍ പറയുന്നു.
അതേസമയം സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ 33 വിദ്യാര്‍ഥികളെ തിരിച്ചെടുത്ത വിസിയുടെ നടപടി റദ്ദാക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശിച്ചതിനു പിന്നാലെയാണ് ശശീന്ദ്രൻ രാജിവച്ചിരിക്കുന്നത്. വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
നിയമോപദേശം തേടാതെയായിരുന്നു സസ്‌പെന്‍ഡ് ചെയ്ത 90 വിദ്യാര്‍ത്ഥികളില്‍ 33 പേര്‍ക്കെതിരെയുള്ള നടപടി വിസി റദ്ദാക്കിയത്. നിയമോപദേശത്തിന് ശേഷം മാത്രമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാന്‍ പാടുള്ളു. സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് വൈസ് ചാന്‍സലര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നുള്ള ആരോപണവും ഉയരുന്നുണ്ട്.
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വിസി ഡോ. എംആര്‍ ശശീന്ദ്രനാഥിനെ മാറ്റിയാണ് ഇവിടെ നിന്നും വിരമിച്ച അധ്യാപകന്‍ കൂടിയായ ഡോ. ശശീന്ദ്രനെ ഗവര്‍ണര്‍ നിയമിച്ചത്. അതേസമയം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകുന്നുവെന്ന പരാതിയുമായി സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രത്യക്ഷ സമരത്തിന് നടത്തുമെന്നും കുടുംബം അറിയിച്ചു.
ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥനെ ക്യാമ്പസിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചെങ്കിലും മരണത്തില്‍ ദുരൂഹത ആരോപിച്ച് സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥന്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടുവെന്നും റാഗിങ്ങിനിരയാകുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സിദ്ധാര്‍ത്ഥന്‍ കോളേജില്‍ ഭീകരമായ മര്‍ദ്ദനം നേരിട്ടിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്റി റാഗിങ് സമിതിയുടെ റിപ്പോര്‍ട്ടിലും പറയുന്നു.