തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നില്‍. എഡിജിപി എം ആര്‍ അജിത്കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പോലീസ് മേധാവി ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി ഓഫിസിനു കൈമാറി. ചില നിര്‍ദേശങ്ങളോടെയാണ് ഡിജിപി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയത്. ഡിജിപിയുടെ നിര്‍ദേശങ്ങളും എഡിജിപിയുടെ റിപ്പോര്‍ട്ടും മുഖ്യമന്ത്രി ഇന്ന് പരിശോധിക്കും. ആയിരത്തി മുന്നൂറോളം പേജുള്ള റിപ്പോര്‍ട്ടില്‍ പൂര ദിവസത്തെ ചിത്രങ്ങളും സിസിടിവി ക്യാമറ ദൃശ്യങ്ങളുമടക്കം ഒട്ടേറെ തെളിവുകളും ഇരുപതിലധികം പേരുടെ മൊഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടി വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സിപിഐ ശക്തമായി ആരോപിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുമോ എന്നതും ശ്രദ്ധേയമാണ്.
അതേസമയം, പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിനെതിരെ ആരോപണങ്ങളുമായി സിപിഐ മുഖപത്രം ജനയുഗം വീണ്ടും രംഗത്തെത്തി. ആശയക്കുഴപ്പങ്ങള്‍ക്കു വഴിവച്ച അന്വേഷണ റിപ്പോര്‍ട്ട് എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തിലാണ് അജിത് കുമാര്‍ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണെന്ന് സിപിഐ ആരോപിക്കുന്നത്. അജിത് കുമാര്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് വൈകലും ഗൂഢാലോചനയും ആരോപിച്ചുള്ള ജനയുഗത്തിന്റെ മുഖപ്രസംഗം.
പൂരം അലങ്കോലപ്പെടുത്തുന്നതില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം പൊതുസമൂഹത്തില്‍ ശക്തമാണ്. ആ സംശയത്തിന് ശക്തിപകരുന്ന പല വസ്തുതകളും പൊതുമണ്ഡലത്തില്‍ ലഭ്യവുമാണ്.
മുഖപ്രസംഗത്തിലെ പ്രസക്തഭാഗം-
വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരിക്കുന്നതിലും അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന ആഖ്യാനം ചമയ്ക്കുന്നതിലും ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം തികച്ചും സ്വാഭാവികമാണ്. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനുണ്ടായ ഈ കാലവിളംബം അസ്വാഭാവികവും ആസൂത്രിതവുമാണെന്ന സംശയം, മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെടുംവരെ പ്രസക്തമാണ്. അഭൂതപൂര്‍വമായ ഈ കാലതാമസത്തിന്റെ കാര്യകാരണങ്ങള്‍ സ്വാഭാവികമായും റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ഉണ്ടാവുമെന്നേ ഇപ്പോള്‍ പ്രതീക്ഷിക്കാനാവൂ. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി മാധ്യമങ്ങള്‍ ഇതിനകം പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സംശയം ജനിപ്പിക്കുന്നു. പൂരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പൊലീസ് അധികാരശ്രേണിയില്‍ താരതമ്യേന ഇളമുറക്കാരനായ കമ്മിഷണറും പൂരം നടത്തിപ്പുകാരായ ദേവസ്വങ്ങളുമാണെന്ന ധാരണയാണ് റിപ്പോര്‍ട്ട് നല്‍കുന്നതെന്നാണ് മാധ്യമവാര്‍ത്തകള്‍ നല്‍കുന്ന സൂചന. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ എഡിജിപിയുടെ റിപ്പോര്‍ട്ട് വസ്തുതകളെ പൂര്‍ണമായി പുറത്തുകൊണ്ടുവരാന്‍ വിസമ്മതിക്കുന്നതായി വേണം കരുതാന്‍.
പൂരം അലങ്കോലപ്പെടുത്തുന്നതില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം പൊതുസമൂഹത്തില്‍ ശക്തമാണ്. ആ സംശയത്തിന് ശക്തിപകരുന്ന പല വസ്തുതകളും പൊതുമണ്ഡലത്തില്‍ ലഭ്യവുമാണ്. തൃശൂര്‍ പൂരം പോലെ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഒരു ഉത്സവത്തിന്റെ ക്രമസമാധാന, സുരക്ഷാ ചുമതല പൂര്‍ണമായും താരതമ്യേന ജൂനിയറായ ഒരു ഉദ്യോഗസ്ഥനില്‍ മാത്രം നിക്ഷിപ്തമായിരുന്നുവെന്ന് കരുതാനാവില്ല. അധികാരശ്രേണിയില്‍ കമ്മിഷണര്‍ക്കു മേലെയുള്ള എഡിജിപിയടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൂരദിവസങ്ങളില്‍ തൃശൂരില്‍ ഉണ്ടായിരുന്നുവെന്നാണ് അഭിജ്ഞവൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. പൂരത്തലേന്ന് ക്രമസമാധാന, സുരക്ഷാ വിഷയങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എഡിജിപി, ഡിഐജി, കമ്മിഷണര്‍, എസിപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ക്രമസമാധാന ചുമതലയുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയിലും മുന്‍ മധ്യമേഖലാ ഐജി എന്ന നിലയിലുള്ള അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലും യോഗനടപടികള്‍ നിയന്ത്രിക്കുന്നതിലും നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും അജിത്കുമാര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നതായാണ് മനസിലാകുന്നത്. മാത്രമല്ല, എഡിജിപി സ്‌ട്രൈക് ഫോഴ്‌സ് എന്ന ഹാന്‍ഡ് ബാന്‍ഡ് ധരിച്ച ഒരുസംഘം പൊലീസുകാര്‍ പൂരപ്പറമ്പില്‍ സന്നിഹിതരായിരുന്നു. പൂരം അലങ്കോലപ്പെട്ട സമയത്ത് എഡിജിപി നഗരത്തില്‍ത്തന്നെയുള്ള പൊലീസ് അക്കാദമിയില്‍ ഉണ്ടായിരുന്നെങ്കിലും ഗുരുതരമായ സംഭവവികാസങ്ങളില്‍ ഇടപെട്ടിരുന്നില്ലെന്ന വസ്തുത ദുരൂഹമാണ്. ഈ പശ്ചാത്തലമാണ് പൂരം അലങ്കോലമായതിന്റെ ഉത്തരവാദിത്തം മുഴുവന്‍ കമ്മിഷണറില്‍ മാത്രമായി കേന്ദ്രീകരിക്കുന്നതിലെ അസ്വാഭാവികത സംശയകരമാക്കുന്നത്. അന്വേഷണഘട്ടത്തില്‍ എഡിജിപി, മൊഴി നല്‍കാനെത്തിയവരോട്, കമ്മിഷണറോ ഡിഐജിയോ ഐജിയോ തീരുമാനിക്കേണ്ട വിഷയമായതുകൊണ്ടാണ് താന്‍ ഇടപെടാതിരുന്നതെന്നും ജില്ലാ കളക്ടര്‍ക്കും ഇടപെടാമായിരുന്നല്ലോ എന്ന് സൂചിപ്പിച്ചതായും വിവരമുണ്ട്. പൂരം അലങ്കോലപ്പെട്ടതിന്റെ ഉത്തരവാദിത്തം കമ്മിഷണറിലും ദേവസ്വങ്ങളിലും മാത്രമായി ഒതുക്കുകയും തുടര്‍നടപടികളെപ്പറ്റി റിപ്പോര്‍ട്ട് നിശബ്ദത പാലിക്കുന്നതായി മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുകയും ചെയ്യുമ്പോള്‍ അന്വേഷണത്തിന്റെ ഉദ്ദേശശുദ്ധിയാണ് ചോദ്യംചെയ്യപ്പെടുന്നതെന്നും മുഖപ്രസംഗം ആരോപിക്കുന്നു. വിഷയത്തില്‍ സിപിഐ തുടര്‍ച്ചയായി എഡിജിപിക്കെതിരെ രംഗത്തുണ്ട്. അജിത് കുമാറിനെ സ്ഥാനത്തു നിന്നു മാറ്റണമെന്നും സിപിഐ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.