KERALA

പരാതി പിന്‍വലിച്ചത് കെ സുധാകരന്റെ സമ്മര്‍ദ്ദം മൂലം; പ്രതാപചന്ദ്രന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതിയുമായി മക്കൾ

ദ ഫോർത്ത് - തിരുവനന്തപുരം

കെപിസിസി മുന്‍ ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം. പ്രതാപചന്ദ്രന്റെ മരണം കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനത്തെ തുടര്‍ന്നാണെന്നാണ് മക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും നീതി ലഭ്യമാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. നേരത്തെ കുടുംബം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ പരാതി പിന്‍വലിക്കുകയും ചെയ്തു. പരാതി പിന്‍വലിച്ചത് കെ സുധാകരന്റെ സമ്മര്‍ദ്ദം മൂലമാണെന്നാണ് പ്രതാപചന്ദ്രന്റെ മക്കളായ പ്രജിത്തും പ്രീതിയും ആരോപിക്കുന്നത്.

പരാതിക്ക് പിന്നാലെ പോലീസ് നിയമോപദേശം തേടിയെങ്കിലും കുടുംബം പരാതി പിന്‍വലിക്കുകയായിരുന്നു

കോണ്‍ഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് മരണമെന്ന് കാണിച്ച് കുടുംബം നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്ക് പിന്നാലെ പോലീസ് നിയമോപദേശം തേടിയെങ്കിലും കുടുംബം പരാതി പിന്‍വലിക്കുകയായിരുന്നു. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി സംവിധാനത്തിന്റെ ചുമതലക്കാരായ പ്രമോദ് കോട്ടപ്പള്ളി, രമേശന്‍ എന്നിവര്‍ക്കെതിരെയായിരുന്നു അന്ന് പരാതി നല്‍കിയത്.

കെപിസിസിയുടെ ഫണ്ടില്‍ തിരിമറിയും വെട്ടിപ്പും നടത്തിയെന്ന തരത്തിലുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നായിരുന്നു അന്ന് മക്കള്‍ നല്‍കിയ പരാതി. ഇതിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശന്‍ എന്നിവരാണെന്നായിരുന്നു പരാതി.

പരാതിയിൽ നിന്ന് :-

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾക്ക്, 2022 ഡിസംബർ 20ന് രാവിലെ മരണപ്പെട്ടു പോയിരുന്നു. അച്ഛന്റെ മരണത്തിൽ ഞങ്ങൾക്ക് വലിയ ദുരൂഹത അനുഭവപ്പെടുകയാണ്. കടുത്ത മാനസിക വ്യഥയിലായിരുന്നു അച്ഛൻ. പറഞ്ഞറിയിക്കാൻ പറ്റുന്നതിലുമപ്പുറമായിരുന്നു അച്ഛൻ അനുഭവിച്ച ഹൃദയ വേദന. അച്ഛന്റേത് സ്വാഭാവിക മരണമായിരുന്നില്ലായെന്നും മാനസികമായി പീഡിപ്പിച്ച് പൊതുജന മധ്യത്തിൽ അപമാനിച്ച് അങ്ങനെയുണ്ടായതായ അഭിമാനക്ഷതം കാരണമാണ് അച്ഛനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ആയതിനാൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി എന്ന നിലയിൽ ഞങ്ങളുടെ പരാതിയിൽ പറയുന്ന വസ്തുതാപരമായ കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. അച്ഛന്റെ മരണശേഷം കിടന്നുറങ്ങാൻ പോലും പറ്റാത്ത വേദനയിലാണ് ഞങ്ങൾ കഴിയുന്നത്. ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തകരല്ല. ഈ പരാതി ഒരു കുടുംബത്തിന്റെ നീതിക്കു വേണ്ടിയുള്ള അപേക്ഷയാണ്.

പരാതിക്ക് ആധാരമായ കാര്യങ്ങൾ സഹിതം ഞങ്ങൾ 2022 ഡിസംബർ 29ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. എന്നാൽ കെപിസിസി പ്രസിഡന്റ് ശ്രീ. കെ.സുധാകരന്റെ അഭ്യർഥന മാനിച്ച് ഞങ്ങൾ പരാതി പിൻവലിക്കുകയായിരുന്നു. ഞങ്ങളുടെ പരാതി അന്വേഷിച്ച് അടിയന്തരമായ നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പരാതി പിൻവലിച്ചത്. എന്നാൽ അത്തരം നടപടികൾ ബോധ്യപ്പെടാത്തതു കാരണം ഞങ്ങൾ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ അടുക്കൽ നീതിക്കു വേണ്ടി സമീപിക്കുകയാണ്. പരാതിയുടെ ഉള്ളടക്കം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലുണ്ട്. ആയതിന്റെ പകർപ്പ് ഈ പരാതിയോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?