തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പിൽ കമ്പനി ഉടമ പ്രവീൺ റാണയുടെ വീട്ടിലും ഓഫീസിലും പോലീസ് പരിശോധന നടത്തി. 48 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി എന്ന നിക്ഷേപകരുടെ പരാതിയിലാണ് നടപടി. കമ്പനി ഉടമ പ്രവീൺ റാണയെ പ്രതിയാക്കി തൃശൂർ ഈസ്റ്റ് കേസെടുത്തതിന് പിന്നാലെയായിരുന്നു പരിശോധന.
12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെന്ന പീച്ചി സ്വദേശി ഹണിയുടെ പരാതിക്ക് പിന്നാലെ സ്ഥാപന ഉടമ പ്രവീൺ റാണക്കെതിരെ 11 കേസുകൾ ഈസ്റ്റ് സ്‌റ്റേഷനിലും 5 കേസുകൾ വെസ്റ്റ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തു. എഡിസണേയും ഐൻസ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീൺ റാണ ഉന്നത വ്യക്തികളുമൊത്തുളള ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം ആർജിച്ചത്.
സ്ഥാപനത്തിന്റെ നിധി കമ്പനിയിൽ നിക്ഷേപിച്ചാൽ 12 ശതമാനം പലിശ കിട്ടുമ്പോൾ സേഫ് ആന്‍ഡ് സ്ട്രോങ് കൺസൾട്ടന്റ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 40 ശതമാനമായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എന്ന പേരിൽ നിക്ഷേപകരുമായി കരാർ ഒപ്പിട്ടായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക് പ്രതിവർഷം 39,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. ഈ മോഹ വാഗ്ദാനത്തിൽ വിശ്വസിച്ചു കോടിക്കണക്കിന് രൂപയാണ് ആളുകൾ നിക്ഷേപിച്ചിട്ടുള്ളത്. ഇതിൽ ഏതാനും പേർ മാത്രമാണ് ഇപ്പോൾ പരാതി നിൽകിയിട്ടുള്ളതും.
''ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കാനുള്ള വൈഡൂര്യമാണ് താൻ, ലോകോത്തര പദ്ധതികളിലൂടെ 2029നകം ഇന്ത്യയിലെ നമ്പര്‍ വണ്‍ വ്യവസായിയായി മാറും'' - ഇങ്ങനെ പോകുന്നു റാണയുടെ സ്വയം പ്രഖ്യാപനങ്ങൾ. ഇതൊക്കെ കേട്ട് കോരിത്തരിച്ചാണ് നൂറുകണക്കിന് നിക്ഷേപകർ കോടികൾ നിക്ഷേപിച്ചത്.