KERALA

മാർക്ക് ലിസ്റ്റ് വിവാദം: ആർഷൊ പരീക്ഷ ഫീസ് അടച്ച് രജിസ്റ്റർ ചെയ്ത രേഖ പുറത്തുവിട്ട് പ്രിൻസിപ്പല്‍

വെബ് സൈറ്റിൽ വന്ന സാങ്കേതിക പിഴവാണെന്നാണ് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ.വി എസ് ജോയി നൽകിയ റിപ്പോർട്ടിൽ പറയുന്നത്

ദ ഫോർത്ത് - കൊച്ചി

മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദത്തില്‍ ആർക്കിയോളജി മൂന്നാം സെമസ്റ്റർ പരീക്ഷയെഴുതാൻ ഫീസ് അടയ്ക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊയുടെ വാദം തെറ്റെന്ന് പ്രിൻസിപ്പല്‍. മൂന്നാം സെമസ്റ്റർ സപ്ളിമെന്ററി പരീക്ഷയുടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്ത രേഖ കോളേജ് പുറത്തുവിട്ടു.

പല കുട്ടികളുടെ കാര്യത്തിലും സാങ്കേതിക പിഴവ് സംഭവിച്ചുവെന്നാണ് കോളജിന്റെ വിശദീകരണം. പാസ്‍വേഡ് പ്രൊട്ടക്റ്റഡ് ആണ്. പബ്ലിക് ഡൊമൈനിൽ ലഭ്യമല്ല. ആർഷൊ നാലാം സെമസ്റ്ററിലേക്കാണ് പുനഃപ്രവേശനം നേടിയത്. അതിനാൽ മൂന്നാം സെമസ്റ്റർ വിദ്യാർഥികൾക്കൊപ്പം റിസൾട്ട് വന്നു. പാസായി എന്ന് റിസൾട്ട് വന്നത് സാങ്കേതിക പിഴവാണെന്നുമാണ് കോളേജിന്റെ വിശദീകരണം.

മാർക്ക് ലിസ്റ്റിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ വിശദീകരണവുമായി പി എം ആർഷൊ രംഗത്തെത്തിയിരുന്നു. 2020 ബാച്ചിൽ മഹാരാജാസ് കോളേജിൽ ആർക്കിയോളജി വിഭാഗത്തിൽ പ്രവേശിച്ച താൻ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയിട്ടില്ലെന്ന് ആർഷൊ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

'സെമസ്റ്ററിലെ 5 വിഷയങ്ങളിലും ആബ്സെന്റ് ആയിരുന്നു. പരീക്ഷയ്ക്ക് ശേഷം 2022 ഒക്ടോബർ മാസം 26 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുകയും അതിൽ കൃത്യമായി ഞാൻ പരീക്ഷ എഴുതിയിട്ടില്ല എന്ന് അടയാളപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. പ്രസ്തുത മാർക്ക്‌ ലിസ്റ്റ് അന്ന് മുതൽ ഈ നിമിഷം വരെ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്. ഇന്നലെ രാവിലെ മുതൽ മാധ്യമങ്ങൾ ഉൾപ്പടെ പ്രചരിപ്പിക്കുന്ന മാർക്ക്‌ ലിസ്റ്റ് 2021 ബാച്ച് വിദ്യാർഥികളുടെ റെഗുലർ പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. ആ റെഗുലർ പരീക്ഷ എഴുതേണ്ട ആളല്ല ഞാൻ, അങ്ങനൊരു പരീക്ഷ എഴുതാൻ ഞാൻ ഫീസ് അടയ്ക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. പ്രസ്തുത മാർക്ക്‌ ലിസ്റ്റിൽ ആണ് എന്റെ പേർ ഉണ്ട് എന്ന നിലയിൽ മാധ്യമങ്ങളും ഇതര രാഷ്ട്രീയ പാർട്ടികളും,സാങ്കേതിക പ്രശ്നം എന്ന നിലയിൽ കോളേജ് പ്രിൻസിപ്പളും പ്രചരിപ്പിച്ചിട്ടുള്ളത്'. കുറിപ്പില്‍ ആർഷോ പറഞ്ഞു. ആരോപണം നിഷ്കളങ്കമാണെന്ന് കരുതുന്നില്ലെന്നും ആർഷൊ ആരോപിച്ചു.

അതേസമയം, മാർക്കിലിസ്റ്റിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത് സംബന്ധിച്ച് മഹാരാജാസ് കോളേജ് പ്രാഥമിക റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി. വെബ് സൈറ്റിൽ വന്ന സാങ്കേതിക പിഴവാണെന്നാണ് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ.വി എസ് ജോയി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സൈറ്റുമായി ബന്ധപ്പെട്ട് നിരവധി പിഴവുകളുണ്ടായിട്ടുണ്ട്. അത് പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.

മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ലെന്നും എന്നിട്ടും പാസായവരുടെ കൂട്ടത്തിലാണ് ആർഷൊയുള്ളതെന്നുമായിരുന്നു കെഎസ്‍യുവിന്റെ ആരോപണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ