മതിയായ രേഖകളില്ലാതെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ പെരൂമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടർ അറസ്റ്റില്‍. ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചർച്ച് വൈദികന്‍ ജേക്കബ് വർഗീസാണ് അറസ്റ്റിലായത്. 12 പെണ്‍കുട്ടികളെ നിയമവിരുദ്ധമായി കൊണ്ടുവന്ന ഇടനിലക്കാരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വൈദികന്റെ അറസ്റ്റ്.
12 പെണ്‍കുട്ടികളെ നിയമവിരുദ്ധമായി കൊണ്ടുവന്ന ഇടനിലക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികളെ കേരളത്തിലെത്തിക്കാന്‍ ഇടനില നിന്ന രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേർക്കെതിരെയാണ് കോഴിക്കോട് റെയില്‍വേ പോലീസ് ഇന്നലെ കേസെടുത്തത്. ലോകേഷ് കുമാർ, ശ്യാം ലാല്‍ എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന നാല് പേർ മാതാപിതാക്കളാണെന്നാണ് പോലീസ് നിഗമനം.
ചൊവ്വാഴ്ച രാത്രി ഓഖ എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാർ റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിദ്യാഭ്യാസത്തിനായാണ് കുട്ടികളെ കേരളത്തില്‍ എത്തിച്ചതെന്നാണ് പിടിയിലായവരുടെ വിശദീകരണം.
എന്നാല്‍, മാതാപിതാക്കള്‍ ഉള്ളയിടത്ത് തന്നെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നാണ് രാജ്യത്തെ നിയമം. അതേസമയം, 12 കുട്ടികളെയും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. അനധികൃതമായി കുട്ടികളെ എത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ശിശുക്ഷേമ സമിതി വ്യക്തമാക്കി.