വിഴിഞ്ഞം അക്രമത്തില്‍ വൈദികര്‍ക്കും പങ്കുണ്ടെന്ന് പോലീസ് ഹൈക്കോടതിയില്‍. ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ സമരക്കാര്‍ ലംഘിച്ചെന്നും പോലീസ് സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങള്‍ വൈദികരുടെ നേതൃത്വത്തില്‍ തടഞ്ഞു. പള്ളി മണിയടിച്ച് കൂടുതല്‍ ആളുകളെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം രണ്ടായിരത്തോളം പേര്‍ സംഭവസ്ഥലത്ത് എത്തിയെന്നും പോലീസ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ അക്രമമുണ്ടായി. പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ തടഞ്ഞത് വൈദികരുടെ നേതൃത്വത്തിലാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. പോലീസിനെയും പദ്ധതിയെ അനുകൂലിക്കുന്നവരെയും സമരക്കാർ കയ്യേറ്റം ചെയ്തുവെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
ഫാ. യൂജിൻ പെരേരയടക്കമുള്ള വൈദികരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പേർ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ച് കയറി. കോടതി ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്ന ഉദ്ദേശത്തോടെയാണ് അവർ കയറിയത്. തുറമുഖ ഓഫീസിലെ സിസിടിവി ക്യാമറകളടക്കം അക്രമികൾ അടിച്ചുതകർത്തെന്നും പോലീസ് കോടതിയെ അറിയിച്ചു.
ആക്രമണത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ വൈദികരടക്കം 3000ത്തോളം പേർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു
ആക്രമണത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ വൈദികരടക്കം 3000ത്തോളം പേർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. ആക്രമണത്തിൽ പോലീസുകാർക്ക് പരുക്കേറ്റു. പരുക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ ആംബുലൻസുകളടക്കം സമരക്കാർ തടഞ്ഞുവെന്നും പോലീസ് പറഞ്ഞു. സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന ആറ് പോലീസ് വാഹനങ്ങൾ സമരക്കാർ തടഞ്ഞു. പൊതുനിരത്തിലുണ്ടായിരുന്ന 20 സ്വകാര്യ വാഹനങ്ങളും നശിപ്പിച്ചു. അക്രമത്തിൽ 64 പോലീസുകാർക്ക് പരുക്കേറ്റതായും പോലീസ് സത്യവാങ്മൂലത്തിൽ പറഞ്ഞു.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍ നിശാന്തിനി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളില്‍ ഇതുവരെ 163 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞ ശേഷം തുടര്‍ നടപടികളുണ്ടാകുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍ നിശാന്തിനി വ്യക്തമാക്കി. സമരത്തിന് പിന്നില്‍ തീവ്ര ഇടപെടലുകളുണ്ടോ എന്നതില്‍ ബലമായ സംശയമുണ്ടെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അത്തരം കാര്യങ്ങള്‍ പോലീസ് മാത്രമല്ല, കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .