വയനാട് ദുരന്തത്തിൽ കേരളത്തിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിൽ കേരളം ഒറ്റയ്ക്കല്ല, കേന്ദ്രം ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ നിവേദനം ലഭിച്ചാലുടൻ ആവശ്യമായ സഹായങ്ങൾ ചെയ്യും. പണത്തിന് യാതൊരു തടസങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ദുരന്തബാധിതർ ഒറ്റയ്ക്കല്ലെന്നും അവരെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടലില്‍ അപകടം സംഭവിച്ച് ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയിലും കിടക്കുന്നവരെ പ്രധാനമന്ത്രി ഇന്ന് സന്ദർശിച്ചിരുന്നു. ദുരന്തത്തിന്റെ തീവ്രത ഹെലികോപ്റ്ററിൽ സഞ്ചരിച്ച് നിരീക്ഷിച്ചശേഷമാണു പ്രധാനമന്ത്രി കാർമാർഗം ചൂരല്‍മലയിലെത്തിയിരിക്കുന്നത്. ദുരന്തം കവർന്ന വെള്ളാര്‍മല സ്കൂളും രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച ബെയ്‌ലി പാലവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. തുടർന്ന് രക്ഷാപ്രവർത്തകരേയും മോദി കണ്ടു.
ചൂരല്‍മല മുണ്ടക്കൈ പാലത്തിനടുത്തുവെച്ച് രക്ഷാപ്രവര്‍ത്തകരുമായും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും മോദി സംസാരിച്ചു. ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദർശിച്ച അദ്ദേഹം അതിജീവിതറോഡ് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
തുടർന്നാണ് വയനാട് കലക്ടറേറ്റില്‍ നടത്തുന്ന അവലോകന യോഗത്തിൽ അദ്ദേഹം പങ്കെടുത്തത്. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലാണ് പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവർ അതേ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. വ്യോമനിരീക്ഷണത്തിനുശേഷം കല്‍പ്പറ്റ ഹെലിപാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് ചൂരല്‍മലയിലേക്ക് എത്തിയത്.