സംസ്ഥാനത്ത് സ്വകാര്യബസുകളുടെ സൂചന പണിമുടക്ക് ആരംഭിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഉടമകളുടെ സംയുക്തസമിതിയാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. നിരക്ക് വർധനവ് അടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക, ദൂരപരിധി നോക്കാതെ പെർമിറ്റുകൾ പുതുക്കി നൽകുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓർഡിനറി ആക്കി മാറ്റിയ നടപടി തിരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ബസ് ഉടമകൾ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യങ്ങൾ.
ബസ് പണിമുടക്കിനെ നേരിടാൻ കെഎസ്ആർടിസി വിവിധ സ്ഥലങ്ങളിൽ അധികസർവീസുകൾ നടത്തുന്നുണ്ട്. നവംബർ 1 മുതൽ ബസുകളിൽ സീറ്റ് ബെൽറ്റും ബസുകളുടെ പുറത്തും അകത്തും ക്യാമറകളും സ്ഥാപിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതുകൂടാതെ നവംബർ 1 മുതൽ തന്നെ സംസ്ഥാനത്ത് അതിദരിദ്രരായ വിദ്യാർഥികൾക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരുന്നു.
വിദ്യാർത്ഥികളുടെ സൗജന്യയാത്രകുറിച്ച് ചർച്ചകൾ ഇല്ലാതെയാണ് സർക്കാർ തീരുമാനം എടുത്തതെന്നാണ് ബസ് ഉടമകൾ ആരോപിക്കുന്നത്. അതേസമയം ബസ് ഉടമകളുടെ നിലപാടിനെതിരെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രംഗത്ത് എത്തി.
ബസുകൾ ഉൾപ്പെടെയുള്ള ഹെവിവാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയത് കേന്ദ്രസർക്കാർ ആണെന്നും ബസ് ഉടമകളുടെ കൂടി നിർദ്ദേശപ്രകാരമാണ് ബസുകളിൽ ക്യാമറ ഘടിപ്പിക്കാൻ നിർദ്ദേശിച്ചതെന്നും ആന്റണി രാജു പറഞ്ഞു.
ബസ് ജീവനക്കാരെ കേസുകളിൽ പ്രതികളാക്കുന്നത് തടയാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകൾ തന്നെയാണ്. നല്ല ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നൽകിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു.