KERALA

ചർച്ച പരാജയം; സ്വകാര്യ ബസ് സമരത്തിൽ മാറ്റമില്ല

ജൂൺ ഏഴ് മുതൽ സമരം നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചതിനാലാണ് ഗതാഗതമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാനത്ത് ജൂണ്‍ ഏഴ് മുതല്‍ സ്വകാര്യ ബസുടമകൾ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍ മാറ്റമില്ല. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

ചര്‍ച്ചയില്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്നും ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചതെന്നും ബസ് ഉടമകള്‍ പറഞ്ഞു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്‍കിയതായും സമരസമിതി കണ്‍വീനര്‍ ടി. ഗോപിനാഥ് അറിയിച്ചു.

വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്ന നിലപാടിലാണ് ബസ് ഉടമകള്‍. അധ്യയന വര്‍ഷം ആരംഭത്തില്‍ തന്നെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം നടത്തുന്നത് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുമെന്നതില്‍ ഗതാഗത വകുപ്പിനും ആശങ്കയുണ്ട്. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് മിനിമം അഞ്ച് രൂപയെങ്കിലും ആക്കി ഉയര്‍ത്തണമെന്നതാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. യാത്രാ നിരക്കിന്റെ പകുതിയായും വിദ്യാര്‍ഥി കൺസഷന്‍ വര്‍ധിപ്പിക്കണമെന്നും സംയുക്ത സമിതി ആവശ്യപ്പെടുന്നുണ്ട്.

നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണം. ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കണം. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ യാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കുക, വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സെഷന്‍ കാര്‍ഡുകളുടെ വിതരണം കുറ്റമറ്റതാക്കുക തുടങ്ങിയവയാണ് ബസ് ഉടമകളുടെ സംയുക്ത സമരസമിതി മുന്നോട്ട് വയ്ക്കുന്ന മറ്റാവശ്യങ്ങള്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ