KERALA

നഴ്‌സുമാരെ മര്‍ദിച്ച സംഭവം; തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും

വെബ് ഡെസ്ക്

ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ നഴ്‌സുമാരെ മര്‍ദിച്ച സംഭവത്തില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും. അത്യാഹിത വിഭാഗമടക്കം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു. തൃശൂര്‍ കൈപ്പറമ്പ് നൈല്‍ ആശുപത്രിയിലെ നഴ്സുമാരെ മര്‍ദിച്ച മാനേജിങ് ഡയറക്ടര്‍ ഡോ. അലോകിനെതിരെ കര്‍ശന നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് നാളെ നഴ്‌സുമാര്‍ സമ്പൂര്‍ണ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

എം ഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നിലപാട്. സംഭവത്തില്‍ പ്രതിഷേധിച്ച് യുഎന്‍എയുടെ നേതൃത്വത്തില്‍ ഡോക്ടറുടെ വീട്ടിലേക്ക് ഇന്ന് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ ഒരു വിഭാഗം നഴ്‌സുമാര്‍ ഇന്നും പണിമുടക്കിയിരുന്നു.

കഴിഞ്ഞ ദിവസം ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട് തൃശൂര്‍ ലേബര്‍ ഓഫീസില്‍ വച്ച് നടന്ന ചര്‍ച്ചയ്ക്കിടെയാണ് നഴ്‌സുമാര്‍ക്ക് നേരെ അക്രമമുണ്ടായത്. ഗര്‍ഭിണി ഉള്‍പ്പെടെയുള്ള നഴ്‌സുമാരെ മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. ലേബര്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെയുണ്ടായ ആക്രമണത്തില്‍ പാരാമെഡിക്കല്‍ സ്റ്റാഫും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ നഴ്‌സുമാര്‍ തൃശൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടതും ശമ്പളവര്‍ധവില്ലായ്മയും ചോദ്യം ചെയ്ത് നൈല്‍ ആശുപത്രിയിലെ നഴ്സുമാര്‍ കഴിഞ്ഞ കുറച്ച് നാളുകളായി സമരത്തിലാണ്. സമരം നീണ്ടുപോയതോടെ ജില്ല ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച നടന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയ്ക്കിടെ ആശുപത്രി എം ഡി ഡോ. അലോക് മര്‍ദിച്ചെന്നാണ് നഴ്സുമാരുടെ ആരോപണം. അതേസമയം, ചര്‍ച്ച മതിയാക്കി പുറത്തുപോകാന്‍ ശ്രമിച്ച തന്നെയും ഭാര്യയേയും നഴ്സുമാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ഡോ. അലോക് ആരോപിച്ചു. ഇരുകൂട്ടരുടേയും പരാതിയിന്മേല്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും