കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടിക പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് മാനിക്കുന്നതായി ഡോ. പ്രിയാ വര്‍ഗീസ്. റാങ്ക് പട്ടികയില്‍ ഒന്നാമത് എത്തിയ പ്രിയാ വര്‍ഗീസിന് മതിയായ യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്. ഉത്തരവുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുമായി കൂടിയാലോചിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പ്രിയാ വര്‍ഗീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് പുറത്തു വന്നതിന് പിന്നാലെയാണ് പ്രിയയുടെ പ്രതികരണം.
അതേസമയം, വിധിയെ തന്റെ മാത്രം വിജയമായി കാണുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരനായ ജോസഫ് സ്‌കറിയ കോടതി ഉത്തരവിനോട് പ്രതികരിച്ചത്. സര്‍വകലാശാലകളിലെ രാഷ്ട്രീയ നിയമനം എതിര്‍ക്കപ്പെടേണ്ടതാണെന്നും വിധിയ്ക്ക് പിന്നാലെ സ്‌കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രിയാ വര്‍ഗീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. നിയമനം നല്‍കിയിരിക്കുന്നത് കണ്ണൂര്‍ യൂണിവേഴ്സിറ്റിയാണ്, സര്‍ക്കാര്‍ അതില്‍ ഇടപ്പെട്ടിട്ടില്ലെന്നും കോടതി വിധിയ്ക്ക് പിന്നാലെ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍വകലാശാലക്കാണെന്നും മന്ത്രി പ്രതികരിച്ചു.
എന്നാല്‍ ഹൈക്കോടതി വിധി ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ നടത്തിയ പ്രതികരണം. നിലവിലുള്ള നിയമവും കീഴ്‌വഴക്കങ്ങള്‍ പ്രകാരം ഒരു അധ്യാപികയുടെ മെറ്റേണിറ്റി ലീവ് സേവനമായി കണക്കാക്കി പ്രമോഷന്‍ ലഭിക്കുന്ന നിലയുണ്ട്. ഇതെല്ലാം ഇപ്പോഴത്തെ വിധിയോടുകൂടി വലിയ നിയമ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
അഞ്ച് ദിവസമാണ് ഒരു കോളേജ് അധ്യാപികയ്ക്ക് പ്രവര്‍ത്തി ദിവസം, ഒരു ദിവസം എട്ട് മണിക്കൂര്‍ കണക്കാക്കിയാല്‍ 40 മണിക്കൂര്‍ ജോലി ചെയ്യണം. അതില്‍ ടീച്ചിങ്ങ് 16 മണിക്കൂറാണ് ഒരാഴ്ചയില്‍ ഉള്ളത്. 10 വര്‍ഷത്തേക്കാണ് എക്‌സ്പീരിയന്‍സ് വേണ്ടതെങ്കില്‍ ഒരാഴ്ചയില്‍ 16 മണിക്കൂര്‍ വച്ച് എങ്ങനെയാണ് കണക്കാക്കുക. ഇത് അധ്യാപകരുടെ മാത്രം പ്രശ്‌നമല്ല, വിവിധ തൊഴില്‍ മേഖലകളില്‍ പ്രമോഷന് വേണ്ടിയുള്ള സേവനകാലാവധി പരിശോധിക്കുമ്പോള്‍ ഒരുപാട് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുന്ന നിഗമനമാണ്. മറ്റുള്ള കാര്യങ്ങള്‍ വിധിയുടെ വിശദാംശങ്ങല്‍ പരിശോധിച്ചാലെ പറയാന്‍ സാധിക്കുവെന്നും എം വി ജയരാജന്‍ വ്യക്തമാക്കുന്നു.
അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയാ വര്‍ഗീസിന് മതിയായ യോഗ്യതയില്ല. യോഗ്യതകള്‍ അക്കാദമികമായി കണക്കാക്കാനാവില്ല. പിഎച്ച്ഡി കാലയളവിനെ അധ്യാപന പരിചയമായി കണക്കാകാനാകില്ല എന്നിങ്ങനെയുള്ള വിലയിരുത്തലുകളോടെ ആയിരുന്നു കോടതി വിധി. യുജിസി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാവണം നിയമനം എന്ന വിലയിരുത്തലില്‍ ഊന്നിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന് വ്യക്തമാക്കിയത്. പ്രിയാ വര്‍ഗീസിന് മതിയായ അധ്യാപന പരിചയം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.