നിയമന വിവാദം കനക്കുന്നതിനിടെ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ നീട്ടി സര്‍ക്കാര്‍. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയാണ് ഒരു വര്‍ഷത്തേക്ക് നീട്ടിയത്. നിലവില്‍ തൃശൂര്‍ കേരള വര്‍മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് പ്രിയ. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിക്കുകയാണെങ്കില്‍ പ്രിയയ്ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറാകാം.
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി കഴിഞ്ഞ ജൂണ്‍ 27നാണ് പ്രിയയെ തിരഞ്ഞെടുത്തത്. എന്നാല്‍, പ്രിയയ്ക്ക് മതിയായ യോഗ്യതകള്‍ ഇല്ലെന്നും, കൂടുതല്‍ യോഗ്യതയുള്ളവരെ ഒഴിവാക്കിയാണ് ഒന്നാം റാങ്ക് നല്‍കിയതെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി രംഗത്തെത്തി. വി.സിയുടെ കാലാവധി തീരുന്നതിന് മുന്‍പ് ഒന്നാം റാങ്ക് നല്‍കിയത് വലിയ വിവാദത്തിന് വഴിവെച്ചു. ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു പ്രിയയുടെ നിയമനം എന്ന പരാതി ഗവര്‍ണറുടെ പരിഗണനയിലാണ്. ഇതേതുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല നിയമന ഉത്തരവ് ഇറക്കിയിരുന്നില്ല.
നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടിയിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വി സി സ്വജനപക്ഷപാതം കാണിക്കുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണര്‍ വിശദീകരണം തേടിയത്. അതേസമയം, കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഇതുവരെ നിയമന ഉത്തരവ് ലഭിച്ചിട്ടില്ലെന്നും നിയമനം സംബന്ധിച്ച് വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് പ്രിയയുടെ പ്രതികരണം.