വയനാട്ടിലെ ജനങ്ങൾ തന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമാക്കിയെന്ന് പ്രിയങ്ക ഗാന്ധി. വായനാട്ടുകാരുടെ ജീവിതപ്രശ്നങ്ങളായ മെഡിക്കൽ കോളേജ്, വന്യജീവി ആക്രമണം, ആദിവാസി ഭവനനിർമാണ പദ്ധതി ഉൾപ്പെടെയുള്ളവ ചർച്ചാവിഷയമാക്കി മാനന്തവാടിയിൽ പ്രിയങ്കയുടെ പൊതുയോഗം. രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തു.
"രാജ്യത്തെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. നിങ്ങൾ മക്കളെ കഷ്ടപ്പെട്ട് വളർത്തുന്നു, എന്നാൽ മക്കൾക്ക് തൊഴിൽ ലഭിക്കാത്ത അവസ്ഥ നിലനിൽക്കുന്നു." പ്രിയങ്ക പറഞ്ഞു. വയനാടിന് മെഡിക്കൽ കോളേജ്കൊണ്ടുവരുന്നതിനുവേണ്ടി തന്റെ സഹോദരൻ രാഹുൽ ഗാന്ധി ശ്രമിച്ചിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് എന്ന ഒരു ബോർഡ് മാത്രമാണ് അവിടെ ഉള്ളത് എന്നും സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല എന്നും പ്രിയങ്ക ഗാന്ധി.
മദർ തെരേസയുടെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സ്ഥാപനത്തിൽ താൻ ജോലിചെയ്തിരുന്ന കാലത്ത് അവിടെയുണ്ടായിരുന്ന സുഹൃത്ത് സിസ്റ്റർ റോസ് ബെൽ മാനന്തവാടിയിൽ നിന്നുള്ള ആളായിരുന്നു. വയനാട്ടിൽ നിന്നാണ് മത്സരിക്കുന്നത് എന്നറിഞ്ഞപ്പോൾ അവിടെ ഒരു മെഡിക്കൽ കോളേജിന് വേണ്ടി പോരാട്ടം നടത്തണം എന്നവർ പറഞ്ഞു. അവരുടെ അമ്മ ആവശ്യമായ ആശുപത്രി സംവിധാനങ്ങളില്ലാത്തതിനാൽ അസുഖത്തെ തുടർന്ന് 29 വയസിൽ മരിച്ചതാണ് അങ്ങനെ പറയാനുള്ള കാരണമെന്നും പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധി ആരംഭിച്ച കാര്യങ്ങൾ താൻ തുടരുമെന്നും കൂട്ടിച്ചേർത്തു.
ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർക്ക് വീട് നിർമിച്ചു നൽകുന്നതിന് ചെയ്യാൻ കഴിയുന്നത് എല്ലാം ചെയ്യുമെന്നും രാഹുൽ ഗാന്ധി തുടങ്ങിവച്ച മെഡിക്കൽ വാൻ സൗകര്യം താൻ തുടരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുവേണ്ടിയുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോകുമെന്നും പ്രിയങ്ക ജനങ്ങൾക്ക് ഉറപ്പു നൽകി.