KERALA

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

വിജയപ്രഖ്യാപനത്തിനുശേഷം വയനാട്ടിലെ വോട്ടര്‍മാരോടും പ്രിയങ്ക നന്ദി പറഞ്ഞിരുന്നു

വെബ് ഡെസ്ക്

വയനാട് ലോക്സഭ മണ്ഡലത്തില്‍ 410931 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി നാളെ എംപിയായി സത്യപ്രതിജ്ഞ ചെയ്യും. നാളെ മുതല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കം കുറിക്കും. ഡിസംബര്‍ 20 വരെയാണ് സമ്മേളനം നടക്കുക. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ ആദ്യം ഉന്നയിക്കുന്ന വിഷയമെന്നാണ് സൂചന.

വഖഫ് നിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകള്‍ എന്നിവ ഈ സമ്മേളന കാലയളവില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്ന് സര്‍വകക്ഷിയോഗം ചേരും. വഖഫ് നിയമഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

കന്നിയങ്കത്തില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം മറികടന്ന് മികച്ച വിജയമാണ് പ്രിയങ്ക നേടിയത്. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു രാഹുലിന് ലഭിച്ചത്. ഈ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ഇപ്പോള്‍ പ്രിയങ്ക മറികടന്നിരിക്കുന്നത്.

വിജയപ്രഖ്യാപനത്തിനുശേഷം വയനാട്ടിലെ വോട്ടര്‍മാരോടും പ്രിയങ്ക നന്ദി പറഞ്ഞിരുന്നു.

'വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ...

നിങ്ങളെന്നിൽ അർപ്പിച്ച വിശ്വാസം എന്നെ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നൽ നിങ്ങളിലുണർത്തുന്ന രീതിയിലാകും എന്റെ പ്രവർത്തനമെന്ന് ഞാൻ ഉറപ്പു തരുന്നു. നിങ്ങളുടെ പ്രതീക്ഷകളും പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന, നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങൾക്കുറപ്പിക്കാം. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഞാൻ ഒരുങ്ങി കഴിഞ്ഞു. എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി. അതിലുമേറെ, നിങ്ങളെനിക്കു നൽകിയ സ്നേഹത്തിന് നന്ദി.

ഈ യാത്രയിലുടനീളം എന്നോടൊപ്പം ഭക്ഷണമോ വിശ്രമമോ പോലുമില്ലാതെ നിന്ന ഐക്യ ജനാധിപത്യ മുന്നണിയിലെ എന്റെ സഹപ്രവർത്തകരോടും നേതാക്കളോടും പ്രവർത്തകരോടും എന്റെ ഓഫിസിലെ സുഹൃത്തുക്കളോടും ഞാൻ നന്ദി പറയുന്നു. നമ്മുടെ വിശ്വാസങ്ങളും നിലപാടുകളും വിജയത്തിലെത്തിക്കുന്നതിനായി പോരാളികളെപ്പോലെ പടപൊരുതുകയായിരുന്നു നിങ്ങൾ.

എനിക്കു നൽകിയ ധൈര്യത്തിനും പിന്തുണയ്ക്കും എന്റെ അമ്മയോട്, റോബർട്ടിനോട്, എന്റെ രത്നങ്ങളായ മക്കൾ റൈഹാനോടും മിരായയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ പ്രിയ സഹോദരൻ രാഹുൽ, നിങ്ങളാണ് യഥാർഥ ധൈര്യശാലി. നന്ദി, എല്ലായ്‌പ്പോഴും എന്റെ വഴികാട്ടിയും ധൈര്യവും ആയി നിലകൊള്ളുന്നതിന്. പ്രിയങ്ക സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി