പ്രവാചക നിന്ദ ആരോപിച്ച് അധ്യാപകൻ്റെ കൈവെട്ടിയ പ്രതികൾ ഭരണഘടനാവിരുദ്ധവും നിയമ വിരുദ്ധവുമായ സമാന്തര ജുഡിഷ്യൽ സംവിധാനമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് എൻഐഎ കോടതി. നിയമവാഴ്ച നിലവിലുള്ള ഒരു സ്വതന്ത്രരാജ്യത്ത് ഇതനുവദിക്കാനാവില്ല. പ്രവാചകനിന്ദയാരോപിച്ച് പ്രതികൾ മതഗ്രന്ഥത്തിൽ പറയുന്ന ശിക്ഷയാണ് നടപ്പാക്കിയത്. അത്യന്തം ഭീകര സാഹചര്യമായിരുന്നു അതെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതികളുടെ ഈ പ്രവൃത്തി രാജ്യത്തിന്റെ മതേതര ഘടനയ്ക്കു ഭീഷണിയാണ്.
ആക്രമണം നേരിട്ട പ്രൊഫസർ അനുഭവിച്ച മനോവേദനയും സംഘർഷവും ഭയാനകമാണ്. ദൃക്‌സാക്ഷിയായ ഭാര്യ സംഘർഷം താങ്ങാനാവാത്ത നിലയിലാണ് കഴിഞ്ഞത്. പിന്നീട് ആത്മഹത്യ ചെയ്തു. മനുഷ്യത്വത്തിനും സംസ്കാരത്തിനും നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് തീവ്രവാദം. വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയെന്ന ആരോപണത്തെ തുടർന്ന് സർക്കാർ സ്വമേധയാ പ്രൊഫസർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ കേസിനെ നിയമത്തിന്റെ വഴിക്കു വിടാതെ പ്രതികൾ ദൈവനിന്ദയാരോപിച്ച് നിയമം കൈയിലെടുത്ത് ശിക്ഷ നടപ്പാക്കി.
പ്രതികൾ ഒരുതരത്തിലുള്ള ദയയും അർഹിക്കുന്നില്ല. സാമൂഹ്യ വിരുദ്ധ ശക്തികളിൽ നിന്നുള്ള ഭീഷണി, അപകടം തുടങ്ങിയവയിൽ നിന്ന് രക്ഷപ്പെടാൻ സമൂഹത്തിന് മൗലികവും മാനുഷികവുമായ അവകാശമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് കഠിനമായ ശിക്ഷ നൽകേണ്ടത് അനിവാര്യമാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
ചോദ്യപേപ്പർ വിവാദത്തിൽ പ്രഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. രണ്ടാം പ്രതി സജിൽ , മൂന്നാം പ്രതി ആലുവ നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കാണ് പ്രത്യേക എന്‍ ഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും എൻഐഎ കോടതി ജഡ്ജി അനിൽ ഭാസ്കരർ വിധിയില്‍ വ്യക്തമാക്കി. രണ്ടാം പ്രതി സജൽ ക്യത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്.
ആദ്യ മൂന്ന് പ്രതികൾ വിവിധ വകുപ്പുകളിൽ 2 ലക്ഷത്തി 85,000 പിഴ ഒടുക്കണം. പ്രതികളുടെ പിഴ സംഖ്യയിൽ നിന്ന് പ്രൊഫസർ ടി ജെ ജോസഫിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അവസാന മൂന്ന് പ്രതികൾ 20,000 രൂപയും പിഴയോടുക്കണം എന്നും കോടതി വ്യക്തമാക്കി.