ലോകത്ത് എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടേത്. 'നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ , മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കാക്കി മാറ്റുന്നു' എന്ന വാചകത്തോടെയാണ് ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ സ്മരണകള്‍ ഉണര്‍ത്തി വീണ്ടുമൊരു ഭരണഘടനാ ദിനം കടന്നുപോകുമ്പോഴും ഭരണഘടനയുടെ സത്ത ഇന്ത്യയിലെ 130 കോടി ജനങ്ങളിലേക്കത്തുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ് . എന്നാല്‍, ഈ കുറവു നികത്താനുളള ശ്രമങ്ങള്‍ക്കാണ് കേരളത്തിലെ കുടുംബശ്രീയിലൂടെ തുടക്കം കുറിക്കുന്നത്.
നമ്മുടെ നാട്ടിലെ എല്ലാ നിയമത്തിനും ആധാരം രാജ്യത്തിന്റെ ഭരണഘടനയാണ്. എന്നാല്‍ ഭരണഘടനയുടെ ആമുഖം പോലും നമ്മുടെ നാട്ടിലെ പലര്‍ക്കുമറിയില്ല. ഭരണഘടനയുടെ അന്തഃസത്ത സ്ത്രീകള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കുടുംബശ്രീയില്‍ പല മാറ്റങ്ങളും നടക്കുന്ന കാലഘട്ടമാണിത് .ഘട്ടങ്ങളായി വലിയ ഉയരത്തിലേക്കെത്തുന്ന കുടുംബശ്രീയിലൂടെ ഭരണഘടനാ മൂല്യങ്ങളും ഇനി ജനങ്ങളിലേക്കെത്തുന്നു എന്നത് വലിയ സന്തോഷമുണ്ടാക്കിയെന്നാണ് കോഴിക്കോട് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരിലൊരാള്‍ 'ദ ഫോര്‍ത്തി'നോട് പ്രതികരിച്ചത്.
നിലവില്‍ ഭരണഘടനയുടെ ആമുഖവും മൗലികാവകാശങ്ങളും നിര്‍ദ്ദേശക തത്വങ്ങളും മൗലിക ഉത്തരവാദിത്വങ്ങളും അടങ്ങിയ പിഡിഎഫാണ് പഠനത്തിനായി വിതരണം ചെയ്തത്. കേരളത്തിലെ മിക്ക കുടുംബശ്രീയിലും ഇതിനോടകം ഇത് വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തു എന്നാണ് കുടുംബശ്രീ ഭാരവാഹികള്‍ പറയുന്നത്. സാധാരണയായി കുടുംബശ്രീ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുന്നത് ഞായറാഴ്ചകളിലായതിനാല്‍ അതേ സമയത്ത് തന്നെ പലയിടങ്ങളിലും ഭരണഘടനാ ക്ലാസുകളും ഉണ്ടായിരിക്കും.
ജില്ലാ മിഷന്‍ വഴിയാണ് അയല്‍ക്കൂട്ട തലത്തിലേക്ക് പിഡിഎഫ് നോട്ടുകളെത്തിയത്. സിഡിഎസ് മെമ്പര്‍മാര്‍ക്ക് വിശദമായ ക്ലാസുകള്‍ ഇതിനോടകം തന്നെ സംഘടിപ്പിച്ചിരുന്നു.
ഭരണഘടനയെ കുറിച്ച് അറിയാത്തവരാണ് മിക്കവരും, ഇന്ത്യക്ക് ഭരണഘടനയുണ്ട് എന്നതല്ലാതെ അതിനെ കുറിച്ചൊന്നും അറിയില്ല. ഈ പദ്ധതി വഴി വിദ്യാഭ്യാസം ലഭിക്കാത്തവര്‍ക്കും ഭരണഘടനയെ കുറിച്ച് അറിയുക എന്നതും അതിലെ നിയമങ്ങള്‍ മനസിലാക്കുകയെന്നതും വലിയ കാര്യമാണെന്നും സിഡിഎസ് പറയുന്നു.
കുടുംബശ്രീയുടെ സില്‍വര്‍ ജൂബിലി ആഘോഷം നടക്കാനിരിക്കുകയാണ്. കുടുംബശ്രീ വഴി സ്ത്രീകള്‍ക്ക് സാമൂഹികപരമായും സാമ്പത്തിക പരമായും രാഷ്ട്രീയ പരമായും ഉണ്ടായ വളര്‍ച്ച വളരെയേറെയാണ് .അതിനൊരു മുതല്‍ കൂട്ടാവുകയാണ് ഈ ഭരണഘടനാ സാക്ഷരതാ മിഷന്‍.
ഈ മാസം തുടക്കത്തില്‍ തന്നെ ഭരണഘടനാ സാക്ഷരതാ മിഷന്റെ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു. ഭരണഘടനയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുക എന്ന വലിയ ലക്ഷ്യത്തിനു വേണ്ടിയുള്ള ചെറിയ ചുവടുവെപ്പായിട്ടാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്. കേരളാ നിയമസഭയുടെ മാധ്യമ വിഭാഗവും പാര്‍ലമെന്ററി പഠന കേന്ദ്രവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിയമസഭാ സ്പീക്കറായ എന്‍ ഷംസീറാണ് പരിപാടി സംസ്ഥാന തലത്തില്‍ പരിപാടി ഉദ്ഘാടനം ചെയതത്. കുടുംബശ്രീയുടെ കീഴിലുള്ള 100 ഓളം പരിശീലകരെയാണ് സാക്ഷരതാ മിഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയത്.