മുഖ്യമന്ത്രി പിണറായി വിജയന്‍ 
KERALA

സാമ്പത്തിക ഞെരുക്കത്തിലും പെൻഷൻ വിതരണം ഉറപ്പാക്കി, 37,124 പേർക്ക് നിയമനം; പ്രോഗ്രസ് റിപ്പോർട്ടുമായി സംസ്ഥാന സർക്കാർ

എല്‍ഡിഎഫ് പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതിയാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്

വെബ് ഡെസ്ക്

രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം വര്‍ഷത്തിലെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി. എല്‍ഡിഎഫ് പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതിയാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. 2016-ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം 4,03,811 പേര്‍ക്ക് വീട് നല്‍കി. 2021-ന് ശേഷം 1,41,680 വീടുകള്‍ പൂര്‍ത്തീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും നിലവിലുള്ളപ്പോഴാണ് ഈ പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോയതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. കേന്ദ്രനടപടികളുടെ ഭാഗമായുണ്ടായ സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമപെന്‍ഷന്‍ വിതരണം ഉറപ്പാക്കാന്‍ സാധിച്ചുവെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് യാക്കോബായ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ വാക്കുകളെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. ''പുരോഹിതര്‍ക്കിടയിലും വിവരദോഷികളുണ്ട്'' എന്നായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം. ഇനിയും ഒരു പ്രളയമുണ്ടാകണം എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഇന്ന് രാവിലെ മാധ്യമങ്ങളില്‍ പഴയ ഒരു പുരോഹിതന്റെ വാക്കുകള്‍ കാണാന്‍ കഴിഞ്ഞു. പ്രളയമാണ് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നാണ് ആ പുരോഹിതന്‍ പറഞ്ഞത്. പുരോഹിതന്‍മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. ആരും ഇവിടെ ഒരു പ്രളയമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനെ ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നല്‍കിയ പാഠം'', പിണറായി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വന്‍ പരാജയത്തിന് കാരണം ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിന്റെ നിലവാര തകര്‍ച്ചയാണെന്ന് കൂറിലോസ് അഭിപ്രായപ്പെട്ടിരുന്നു. ''ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.'കിറ്റ് രാഷ്ട്രീയത്തില്‍' ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, പ്രത്യേകിച്ച് കേരളത്തില്‍. തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാര്‍ഹമാണ്'', കൂറിലോസ് പറഞ്ഞിരുന്നു.

പ്രോഗ്രസ് റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍

ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പ്രകാരം 1,08,242 പേര്‍ക്ക് തൊഴില്‍ നല്‍കി. ഇതുവരെ 5,300 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയും അതിലൂടെ 55,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ഐടി പാര്‍ക്കുകളിലുമായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ മാത്രം 30,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

21,311 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍/ ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 5,856 കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ സൗജന്യ കണക്ഷന്‍.

മൂല്യവര്‍ധിത റബ്ബര്‍ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബ്ബര്‍ ലിമിറ്റഡ് സ്ഥാപിച്ചു.

പാലക്കാട് കിന്‍ഫ്ര മെഗാഫുഡ് പാര്‍ക്കിലെ 5 ഏക്കര്‍ ഭൂമിയില്‍ ഇന്റഗ്രറ്റഡ് റൈസ് ടെക്‌നോളജി പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി നടപ്പിലാക്കാന്‍ നിശ്ചയിച്ച 301 കര്‍മ പരിപാടികളില്‍ 275 എണ്ണം പൂര്‍ത്തീകരിച്ചു.

തൊഴിലുറപ്പു പദ്ധതി വഴി 2023-24ല്‍ 16.61 ലക്ഷം പേര്‍ക്ക് തൊഴില്‍. 75 ദിവസം തൊഴിലെടുത്ത 7,38,130 കുടുംബങ്ങള്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സായി 1,000 രൂപ വീതം നല്‍കി.

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുണഭോക്താക്കളില്‍ 47.89 ശതമാനം പേരെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കി

പട്ടികജാതി ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം 10,663 പേര്‍ക്ക് ഭൂമി വാങ്ങുന്നതിന് ധനഹായം.

പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങളായ ലംപ്‌സം ഗ്രാന്റ്, സ്‌റ്റൈപ്പന്റ്, പോക്കറ്റ് മണി എന്നിവ നിലവിലുള്ള നിരക്കിന്റെ 20 ശതമാനം വര്‍ധിപ്പിച്ചു.

പട്ടികജാതി വിഭാഗക്കാരുടെ ഭവന നിര്‍മാണത്തിനായി 195 കോടി രൂപ ലൈഫ് മിഷന് കൈമാറി. 56,994 വീടുകള്‍ അനുവദിച്ചു.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദിവാസി കുടുംബങ്ങളുടെ 5,570 വീടുകള്‍ പൂര്‍ത്തീകരിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമഗ്ര പുനരധിവാസത്തിനായി കാസര്‍ഗോഡ് ജില്ലയില്‍ ആരംഭിക്കുന്ന പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.

4,21,832 മുന്‍ഗണന കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് തരംമാറ്റി വിതരണം നടത്തി. 4,48,692 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.

റബ്ബറിന്റെ താങ്ങുവില 2024 ഏപ്രില്‍ 1 മുതല്‍ 180 രൂപയായി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 1960-ലെ ഭൂപതിവ് നിയമ ഭേദഗതി കേരള നിയമസഭ പാസ്സാക്കി.

വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഈ സര്‍ക്കാരിന്റെ കാലത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ 488 സ്‌കൂള്‍ കെട്ടിടങ്ങളും 41 നവീകരിച്ച ലാബുകളും നിര്‍മാണം പൂര്‍ത്തിയാക്കി.

എട്ട് സര്‍വകലാശാലകള്‍ക്കും 359 കോളേജുകള്‍ക്കും നാക് അക്രെഡിറ്റേഷന്‍ ലഭിച്ചു. 900 ബിരുദ പ്രോഗ്രാമുകളും 204 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും പുതുതായി അനുവദിച്ചു.

2021ലെ കേരള സംസ്ഥാന മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട്, 2023-ലെ പൊതുജനാരോഗ്യ നിയമം എന്നിവ നടപ്പില്‍ വരുത്തി.

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു.

സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടി പുരോഗമിച്ചുവരുന്നു.

സംസ്ഥാനത്ത് നിലവില്‍ 478 വില്ലേജോഫീസുകള്‍ സ്മാര്‍ട്ട് നിലവാരത്തിലേക്കുയര്‍ത്തി.

2023-2024 കാലയളവില്‍ 37,124 പേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കി. ഇക്കാലയളവില്‍ 1341 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.

ദേവസ്വം ബോര്‍ഡുകള്‍ക്കും പത്മനാഭ സ്വാമി ക്ഷേത്രത്തിനും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഈ കാലയളവില്‍ 325.53 കോടി രൂപ നല്‍കി.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം