സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത പ്രൊപ്പഗണ്ട സിനിമ കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതക്കെതിരെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരായ ക്രൈസ്തവ വിശ്വാസികൾ രംഗത്ത്. സംയുക്ത പ്രസ്താവനയിലാണ് ഇടുക്കി അതിരൂപതയുടെ നീക്കത്തോടുള്ള വിയോജിപ്പ് അറിയിച്ചത്. കള്ളക്കഥകൾ നിറച്ച ഒരു ചിത്രം പ്രദർശിപ്പിക്കുന്നതിലൂടെ നിഷേധാത്മക വികാരങ്ങളും മറ്റ് വിശ്വാസങ്ങളിലുള്ള ആളുകളോടുള്ള വിവേചനപരമായ മനോഭാവവും സഭ പ്രചരിപ്പിക്കുകയാണെന്ന് പ്രസ്താവനയിൽ വിമർശിക്കുന്നു. ക്രിസ്തു മതത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് എതിരാണ് ദ കേരള സ്റ്റോറി എന്ന ചിത്രമെന്നും കത്തോലിക്ക രൂപത പ്രദർശിപ്പിച്ചു എന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും പ്രസ്താവനയിൽ പറയുന്നു.
''2024 ഏപ്രിൽ നാല് വ്യാഴാഴ്‌ച, ഫ്രാൻസിസ് മാർപാപ്പ മതങ്ങൾ, വംശീയ ഗ്രൂപ്പുകൾ, സംസ്കാരങ്ങൾ എന്നിവക്കിടയിൽ പരസ്പരം സൗഹാർദ്ദം വളർത്തണമെന്ന് പറഞ്ഞു. വൈവിധ്യങ്ങളോടുള്ള ബഹുമാനവും സമാധാനം പ്രചരിപ്പിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നി പറഞ്ഞു. നിർഭാഗ്യവശാൽ, അന്നുതന്നെ കേരളത്തിൽ, സീറോ മലബാർ സഭയുടെ ഇടുക്കി രൂപത 'ദി കേരള സ്റ്റോറി' എന്ന വിവാദ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. വിവിധ മാധ്യമങ്ങൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കത്തോലിക്കാ രൂപത ഈ സിനിമ പ്രദർശിപ്പിച്ചു എന്നത് യുക്തിക്ക് നിരക്കാത്തതാണ്!,'' പ്രസ്താവനയിൽ പറയുന്നു.
"ആദ്യം തന്നെ ഹിന്ദുത്വ ആഖ്യാനത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ സൃഷ്ടിച്ച ഈ പ്രചരണ സിനിമ നമ്മുടെ രാജ്യത്തിൻ്റെ മതേതര സ്വഭാവം നശിപ്പിക്കാൻ ശ്രമിക്കുന്ന ഒന്നാണെന്ന വ്യക്തമാണ്. രണ്ടാമതായി, അത് നുണകളും വസ്തുതാപരമായ കൃത്യതയില്ലായ്മകളും അർദ്ധസത്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. സിനിമയുടെ സംവിധായകൻ ഈ കള്ളം പരസ്യമായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 32,000 പെൺകുട്ടികൾ ഇസ്‌ലാം ആശ്ലേഷിച്ച് എന്നത് പിന്നീട് വെറും മൂന്ന് ആയി മാറിയിരിക്കുന്നു. അരോചകമായ പത്ത് രംഗങ്ങൾ കൂടാതെ സെൻസർ ബോർഡിന് മുന്നിൽ ഡിലീറ്റ് ചെയ്യേണ്ടിവന്നു. ഏറ്റവും പ്രധാനപ്പെട്ടതായി ഇവ സഭയുടെ പഠിപ്പിക്കലുകൾക്കും യേശുവിന്റെ സന്ദേശത്തിനും എതിരാണ്," പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ചിത്രം പ്രദർശിപ്പിക്കാനുള്ള സഭാ അധികൃതരുടെ തീരുമാനം അത്യന്തം ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രസ്താവനയിൽ ക്രിസ്തുമതത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളായ സമാധാനം, അനുകമ്പ, സ്വീകാര്യത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പകരം കുട്ടികൾക്കിടയിൽ വിദ്വേഷത്തിൻ്റെയും അസഹിഷ്ണുതയുടെയും മുൻവിധിയുടെയും വിത്തുകൾ വിതക്കുന്നു എന്ന ആശങ്കയും പങ്കുവെക്കുന്നു.
എല്ലാ മതങ്ങളോടും സംസ്‌കാരങ്ങളോടും ഉള്ള സ്‌നേഹത്തെയും ബഹുമാനത്തെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കുക. വിവിധ ശക്തികൾ രാജ്യത്തെ നശിപ്പിക്കാൻ വിദ്വേഷം ആയുധമാക്കുന്ന ഈ വർത്തമാന കാലത്ത് പ്രത്യേകിച്ചും. ഒപ്പം സീസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം എങ്ങനെയാണ് കുട്ടികളെ കാണിച്ചത് എന്നും പ്രസ്താവനയിൽ ചോദിക്കുന്നു. റമദാൻ മാസം കടന്ന് പോകുന്ന ഈ വിശുദ്ധ വേളയിൽ ക്രിസ്ത്യാനികളും മുസ്‌ലീങ്ങളും തമ്മിലുള്ള നല്ല ബന്ധം ശക്തിപ്പെടുത്തുകയും കെട്ടിപ്പടുക്കുകയും ചെയ്യണം. എന്നാൽ ഇടുക്കി രൂപത രണ്ട് മതങ്ങൾ തമ്മിൽ സംഘർഷം പ്രോത്സാഹിപ്പിക്കാനാണ് തിരഞ്ഞെടുക്കുന്നത്.
സ്വന്തം സാമ്രാജ്യങ്ങൾ സംരക്ഷിക്കാനായി അധികാരമുള്ളവരോട് കൂറ് കാണിക്കുന്ന സഭ നേതൃത്വങ്ങൾ എക്കാലത്തും ഉണ്ടായിരുന്നുവെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നുണ്ട്. "ഹിറ്റ്ലറുടെ കാലത്തെ പോലെ തങ്ങളുടെ സ്വന്തം 'ചെറിയ സാമ്രാജ്യങ്ങൾ' സംരക്ഷിക്കാം രാഷ്ട്രീയ അധികാരം ഉള്ളവരോട് കൂറ് പുലർത്തിയിരുന്ന സഭ നേതൃത്വങ്ങൾ ഇപ്പോഴും ഉണ്ടായിരുന്നു. ഇടുക്കി രൂപതയുടെ ഈ നിർവികാരവും ക്രൈസ്തവവിരുദ്ധവുമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നു. ഒരു രാജ്യമെന്ന നിലയിൽ ഭാവി അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് മതാന്തരങ്ങൾ, സംവാദം, അനുരഞ്ജനം, സാഹോദര്യം, ഐക്യം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണമെന്ന് എല്ലാ സഭാ അധികാരികളോടും ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു," പ്രസ്താവന അവസാനിപ്പിക്കുന്നു.