വിഴിഞ്ഞം സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുന്നെന്ന സൂചന നല്‍കി ഫിഷറീസ് മന്ത്രി വി അബ്ദുറഹ്‌മാന്‍. തുറമുഖ നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായി മത്സ്യത്തൊഴിലാളികള്‍ നടത്തുന്നത് രാജ്യവിരുദ്ധ സമരത്തെ രാജ്യവിരുദ്ധം എന്ന് വിശേഷിപ്പിക്കാനും ഫിഷറീസ് മന്ത്രി വി അബ്ദുറഹ്‌മാന്‍ തയ്യാറായി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യതാല്‍പര്യത്തെ എതിർക്കുന്ന സമരം പാടില്ലെന്നും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടാൻ സർക്കാരിനാകില്ലെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവരും സർക്കാരും തമ്മിൽ ഇനി ചർച്ച ഉണ്ടായേക്കില്ല. ചർച്ചയ്ക്കുള്ള സമയം അവസാനിച്ചുവെന്നും ഇനി കോടതി പറയട്ടേയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സർക്കാർ 500 വീടുകൾ പണിയും മന്ത്രി പ്രതികരിച്ചു. നിലവിൽ 180 കുടുംബങ്ങൾ സർക്കാർ സഹായം സ്വീകരിച്ച് വാടക വീടുകളിലേക്ക് മാറി എന്നും മന്ത്രി വ്യക്തമാക്കി.
ഫിഷറീസ് മന്ത്രി പറഞ്ഞത് അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണെന്നായിരുന്നു പ്രസ്താവനയില്‍ ലത്തീൻ അതിരൂപ നടത്തിയ പ്രതികരണം. ഫിഷറീസ് മന്ത്രി പറഞ്ഞത് അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണ്. അത് മന്ത്രിസഭയുടെ അഭിപ്രായം ആണോ എന്നറിയില്ലെന്നും ചർച്ചകൾ ഇനിയും നടക്കുമെന്നും ലത്തീന്‍ അതീരൂപത പ്രതികരിച്ചു. മത്സ്യത്തൊഴിലാളി പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും ലത്തീന്‍ അതീരൂപത വ്യക്തമാക്കി.
അതിനിടെ, വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ സിപിഎമ്മും ബിജെപിയും കൈകോർത്തത് കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷൻ കൗൺസിൽ ലോംഗ് മാർച്ചിൽ സിപിഎം നേതാവ് ആനാവൂർ നാഗപ്പനും ബിജെപി നേതാവ് വി വി രാജേഷുമാണ് ഒന്നിച്ചെത്തിയത്. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടത്തുന്ന പദ്ധതിയാണിതെന്നായിരുന്നു സമരത്തില്‍ പങ്കെടുത്ത് വി വി രാജേഷ് നടത്തിയ പ്രതികരണം.
അതേസമയം, തുറമുഖ നിർമ്മാണത്തിന് തടസമായതെല്ലാം ഒരാഴ്‌ചയ്ക്കകം നീക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. സമരത്തിനെതിരായ അദാനി ഗ്രൂപ്പിന്റെ ഹർജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതി നിര്‍ദേശം. നിർമാണപ്രദേശത്ത് സഞ്ചാരം തടസപ്പെടുത്തരുതെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.